പ്രവാസികൾക്കായി കോൾ സെൻറർ സംവിധാനവുമായി സർക്കാർ

lokakerala-sabha-cm
SHARE

പ്രവാസികൾക്കു പരാതികൾ നേരിട്ടറിയ്ക്കാൻ കോൾ സെൻറർ സംവിധാനവുമായി കേരള സർക്കാർ. ദുബായിൽ ലോകകേരള സഭയുടെ മേഖലാസമ്മേളനത്തനിടെ മുഖ്യമന്ത്രി പിണറായി വിജയൻ കോൾ സെൻറർ നമ്പർ ഉദ്ഘാടനം ചെയ്തു. അതേസമയം, മുഖ്യമന്ത്രി, യു.എ.ഇ വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമുമായി കൂടിക്കാഴ്ച നടത്തി. 

00 91 88 02 01 23 45 എന്ന നമ്പരിലേക്ക് വിളിച്ച് പ്രവാസിമലയാളികൾക്കു പരാതികൾ നേരിട്ടു അറിയിക്കാം. സർക്കാർ സേവനങ്ങളിലെ കാലതാമസം, നോർക്കയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തുടങ്ങിയവയെല്ലാം കോൾ സെൻററിലൂടെ അറിയാം.  ഇരുപത്തിനാലു മണിക്കൂറും ലോകത്തിൻറെ ഏതു ഭാഗത്തുനിന്നു വിളിച്ചാലും വിവരങ്ങളറിയാനാകും. വിദേശങ്ങളിലെ ജോലി അവസരങ്ങൾ പ്രയോജനപ്പെടുത്താൻ നോർക്കയുടെ നേതൃത്വത്തിൽ പ്രത്യേക വെബ് പോർട്ടലും ആരംഭിച്ചു.  അതേസമയം, ലോകകേരള സഭയുടെ സമ്മേളനത്തിനായി ദുബായിലെത്തിയ മുഖ്യമന്ത്രിയെ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും കൊട്ടാരത്തിൽ സ്വീകരിച്ചു. 

കേരളത്തിലേക്കു വരാനുള്ള ക്ഷണം ഷെയ്ഖ് മുഹമ്മദ് സ്വീകരിച്ചുവെന്നും ഈ വർഷം തന്നെ പ്രതീക്ഷിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തോടുള്ള യു.എ.ഇയുടെ കരുതലിനു മുഖ്യമന്ത്രി നന്ദി അറിയിച്ചു. ലോകകേരള സഭ സമ്മേളനത്തിൻറെ രണ്ടാം ദിനമായ ഇന്നു സമിതി ശുപാർശകളിൽ മേൽ ചർച്ചകൾ നടക്കും. വൈകിട്ട് മുഖ്യമന്ത്രി സമാപന സമ്മേളനത്തെ അഭിസംബോധന ചെയ്യും.

MORE IN GULF
SHOW MORE