ദുബായിൽ മലയാളികളുടെ സാംസ്കാരിക സംഘടന രൂപീകരിക്കാൻ അനുമതി

pinaray
SHARE

ദുബായിൽ മലയാളികളുടെ സാംസ്കാരിക സംഘടന രൂപീകരിക്കാൻ ദുബായ് സർക്കാർ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവാസികളുടെ സർഗാത്മകകഴിവുകൾ പ്രദർശിപ്പിക്കാനുള്ള വേദി ഒരുക്കും. അതേസമയം, ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകളിലെ സഹായകേന്ദ്രങ്ങളിൽ മലയാളം ഭാഷ ഉൾപ്പെടുത്തുമെന്നു പൊലീസ് ഉറപ്പു നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

ദുബായിലെ പ്രവാസിമലയാളികൾക്കു കലാസാംസ്കാരിക പരിപാടി അവതരിപ്പിക്കാൻ സംഘടനയും വേദിയുമില്ലെന്ന വർഷങ്ങളായുള്ള പരാതികളുടെ പശ്ചാത്തലത്തിലാണ് സിഡിഎ ഡയറക്ടർ ജനറലുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. വ്യവസായി എം.എ യൂസഫലിയും മുഖ്യമന്ത്രിയെ അനുഗമിച്ചു. അബുദാബിയിലെ കേരള സോഷ്യൽ സെൻററിനു സമാനമായ രീതിയിലായിരിക്കും ദുബായിലെ സാംസ്കാരിക കേന്ദ്രം. 

രാവിലെ ദുബായ് ജുമൈറയിലെ സ്മാർട് പൊലീസ് സ്റ്റേഷൻ മുഖ്യമന്ത്രി സന്ദർശിച്ചു. ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ ഒബൈദ് അൽ മാരിയുടെ ക്ഷണപ്രകാരമായിരുന്നു സന്ദർശനം. സ്മാർട് സ്റ്റേഷനുകളിലെ സഹായകേന്ദ്രങ്ങളിൽ മലയാളം ഭാഷ ഉൾപ്പെടുത്തുമെന്നു ദുബായ് പൊലീസ് അറിയിച്ചു. പൊലീസ് സേവനങ്ങൾക്കു വേണ്ടിയുള്ള ലോകത്തിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്. 

MORE IN GULF
SHOW MORE