സൗദി-ഇന്ത്യ സുപ്രീം കോ-ഓർഡിനേഷൻ കൗൺസിൽ രൂപവത്കരിക്കാൻ തീരുമാനം

saudi
SHARE

ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താനായി സൗദി-ഇന്ത്യ സുപ്രീം കോ-ഓർഡിനേഷൻ കൗൺസിൽ രൂപവത്കരിക്കാൻ സൗദി മന്ത്രിസഭായോഗം തീരുമാനിച്ചു. ഈ മാസം പത്തൊൻപതിനു ഇന്ത്യ സന്ദർശിക്കുന്ന കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻറെ സാന്നിധ്യത്തിൽ ഇതുസംബന്ധിച്ച കരാർ ഒപ്പുവെക്കും.

സൗദി അറേബ്യയുടെ ഏറ്റവുംവലിയ നാലാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. വ്യവസായിക, സാമ്പത്തിക, സൈനിക, സുരക്ഷാ മേഖലകളിൽ കഴിഞ്ഞ പത്തുവർഷത്തിനിടെ നിരവധി കരാറുകളാണ് പ്രധാനമന്ത്രിമാരായ മൻമോഹൻ സിങ്ങിൻറേയും നരേന്ദ്രമോദിയുടേയും സന്ദർശനവേളയിൽ ഒപ്പുവെച്ചത്. കരാറുകളുടെ സജീവമായ നടത്തിപ്പിനും ലക്ഷ്യം പൂർത്തീകരിക്കാനും സുപ്രീം കോർഡിനേഷൻ കൌൺസിലിൻറെ രൂപീകരണം സഹായിക്കുമെന്നാണ് വിലയിരുത്തൽ. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻറെ സന്ദർശനത്തോടനുബന്ധിച്ച് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, സൗദി ബ്രോഡ്കാസ്റ്റിങ് അതോറിറ്റി എന്നിവ ടെലിവിഷൻ സംപ്രേഷണരംഗത്തെ സഹകരണത്തിനു കരാറിലേർപ്പെടും. ഊർജം, വാണിജ്യം, നിക്ഷേപം, വിനോദ സഞ്ചാരം തുടങ്ങിയ മേഖലകളിലും ഇരുരാജ്യങ്ങളും വിവിധ കരാറുകളിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചന. ഈ മാസം 19, 20 തീയതികളിലാണ് സൗദി കിരീടാവകാശി ഇന്ത്യ സന്ദർശിക്കുന്നത്. മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായപ്രമുഖർ എന്നിവരും കിരീടാവകാശിയോടൊപ്പം ഇന്ത്യയിലെത്തും. ആദ്യമായാണ് മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യ സന്ദർശിക്കുന്നത്.

MORE IN GULF
SHOW MORE