ഷാർജയിൽ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കും; നിയമലംഘകരിൽ നിന്നും പിഴ ഈടാക്കും

building-security
SHARE

ഷാർജയിൽ കെട്ടിടങ്ങളുടെ സുരക്ഷ ശക്തമാക്കാനൊരുങ്ങി സിവിൽ ഡിഫൻസ് വിഭാഗം. അഗ്നിബാധ, ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണു മരിക്കുന്ന സംഭവം തുടങ്ങിയവ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് നടപടി. നിയമലംഘകരിൽ നിന്നും പിഴ ഈടാക്കുമെന്നു ഫയർ ആൻഡ് സേഫ്റ്റി പ്രൊട്ടക്ഷൻ ഡയറക്ടർ ജനറൽ സമി ഖമിസ് അൽ നഖ്ബി പറഞ്ഞു.

ഷാർജയിൽ കെട്ടിടങ്ങളുടെ സുരക്ഷാക്കുറവു കാരണം അപകടങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധനകളും നടപടികളും ശക്തമാക്കാൻ സിവിൽ ഡിഫൻസ് വിഭാഗം ഒരുങ്ങുന്നത്. ഏഷ്യക്കാരാണ് അപകടമുണ്ടാക്കുന്നവരിൽ ഭൂരിഭാഗവും. കെട്ടിടത്തിന് മുനിസിപാലിറ്റിയിൽ നിന്നുമുള്ള ലൈസൻസ് കിട്ടിക്കഴിഞ്ഞാൽ ഉടൻ സിവിൽ ഡിഫൻസിൽ നിന്നും അംഗീകാരം വാങ്ങണം. എന്നാൽ, ഇതു പലരും പാലിക്കുന്നില്ലെന്നു അധികൃതർ വ്യക്തമാക്കുന്നു. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തുന്ന കെട്ടിടങ്ങളിൽ ചുവപ്പു സ്റ്റിക്കർ പതിച്ചുതുടങ്ങി. അതേസമയം, കുട്ടികളുള്ള വീടിൻറെ ബാൽക്കണികളിൽ നിന്നും മേശ, കസേര തുടങ്ങിയവ ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് വിഭാഗം നിർദേശിക്കുന്നു. ചുരുങ്ങിയത് 120 സെ.മീറ്റർ ഉയരത്തിലായിരിക്കണം ജനാലകൾ സ്ഥാപിക്കേണ്ടത്.

അപകടം നടന്നാൽ ആറു മുതൽ എട്ടു മിനിട്ടിനകം സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തും. ഏഷ്യൻ ജനതകൾ കൂടുതലായുള്ള സ്ഥലങ്ങളിൽ ബോധവൽക്കരണം നടത്തുമെന്നും നിയമലംഘനം കണ്ടാൽ 997 നമ്പരിൽ വിളിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു. സ്കൂൾ വിദ്യാർഥികളെ കേന്ദ്രീകരിച്ചുള്ള ബോധവത്കരണ പരിപാടികൾ തുടങ്ങുമെന്നും ഡയറക്ടർ ജനറൽ സമി ഖമിസ് അൽ നഖ്ബി അറിയിച്ചു.

MORE IN GULF
SHOW MORE