ഒമാനിൽ വിദേശികൾക്ക് ഏർപ്പെടുത്തിയ തൊഴിൽ വീസ നിരോധനം ആറു മാസം കൂടി നീട്ടി

oman-bridge
SHARE

ഒമാനിൽ വിദേശികൾക്കു എണ്‍പത്തിയേഴ് തസ്തികകളിൽ ഏർപ്പെടുത്തിയ തൊഴിൽ വീസ നിരോധനം ആറു മാസം കൂടി നീട്ടി. സ്വദേശിവൽക്കരണം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെതാണ് തീരുമാനം.

2018 ജനുവരി 28 മുതലാണ് 10 വിഭാഗങ്ങളിലായി 87 തസ്തികകളിലേക്കുള്ള വിസ ആറു മാസത്തേക്ക് നിരോധിച്ചുകൊണ്ട് മാനവവിഭവ ശേഷി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. ജൂലായ് 29 നു കാലാവധി അവസാനിച്ചപ്പോൾ 2019 ജനുവരി 29 വരെ നീട്ടി. ഈ നിരോധനം തുടരാനാണ് മന്ത്രാലയത്തിൻറെ തീരുമാനം. ഐ.ടി, അക്കൗണ്ടിങ്, മാര്‍ക്കറ്റിങ് ആൻഡ് സെയില്‍സ്, അ‍ഡ്മിന്‍ ആൻഡ് എച്ച് ആര്‍, ഇന്‍ഫര്‍മേഷന്‍ ആൻഡ് മീഡിയ, മെഡിക്കല്‍, വിമാനത്താവളം, എഞ്ചിനീയറിങ്, ടെകിനിക്കല്‍ എന്നീ മേഖലകള്‍ക്കാണ് വിലക്കു ബാധകമാവുക. നിലവിൽ ജോലി ചെയ്യുന്നവർക്ക് ഈ മേഖലകളിൽ തുടരാവുന്നതാണ്, എന്നാൽ പുതുതായി അപേക്ഷേകൾ സ്വീകരിക്കുകയില്ല. മെഡിക്കല്‍ മേഖലയില്‍ മെയില്‍ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റന്റ്, എഞ്ചിനീയറിങ് മേഖലയില്‍ ആര്‍ക്കിടെക്ട്, സിവില്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍‍, പ്രൊജക്ട് എഞ്ചിനീയറിങ് എന്നിവയ്ക്കെല്ലാം വീസാ വിലക്കുണ്ട്. നിരവധി മലയാളികള്‍ നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നുണ്ട്. ഇവർക്കു വീസ പുതുക്കുന്നതിനു നിരോധനമില്ല.

MORE IN GULF
SHOW MORE