ബജറ്റിനെ സമ്മിശ്രവികാരത്തോടെ സ്വാഗതം ചെയ്ത് പ്രവാസിമലയാളികൾ

pravasibudget
SHARE

കേരളസർക്കാരിൻറെ ബജറ്റിനെ സമ്മിശ്രവികാരത്തോടെയാണ് ഗൾഫിലെ പ്രവാസിമലയാളികൾ സ്വാഗതം ചെയ്തത്. വിദേശത്തു മരിക്കുന്ന പ്രവാസികളുടെ മൃതദേഹം സൌജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനത്തിന് രാഷ്ട്രീയഭേദമന്യേ എല്ലാവരും കയ്യടിനൽകുന്നു. എന്നാൽ, പുനരധിവാസ പദ്ധതിക്കു പ്രഖ്യാപിച്ച തുക വളരെ കുറഞ്ഞുവെന്നും ആക്ഷേപമുണ്ട്. 

പ്രവാസി മലയാളികളോടു കേരള സർക്കാർ ചെയ്ത ഏറ്റവും മനുഷ്യത്വപരമായ ഇടപെടലാണ് മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന പ്രഖ്യാപനമെന്നു പ്രവാസി ഭാരതീയ സമ്മാന ജേതാവ് അഷ്‌റഫ് താമരശ്ശേരി വ്യക്തമാക്കി. കേരളത്തിന്റെ മാതൃക കേന്ദ്ര സർക്കാർ കണ്ടു പടിക്കണമെന്നും എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ഈ ഇളവു നൽകണമെന്നും അഷ്‌റഫ് താമരശ്ശേരി മനോരമ ന്യൂസിനോട് പറഞ്ഞു. 

മടങ്ങിവന്ന പ്രവാസികളിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ളവർക്കു അടിയന്തരഘട്ടങ്ങളിൽ ധനസഹായം നൽകാനുള്ള സാന്ത്വനം പദ്ധതിക്ക് 25 കോടിയും പ്രവാസി സംരംഭകർക്ക് മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നൽകാൻ 15 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്വദേശിവൽക്കരണവും സാമ്പത്തിക തളർച്ചയും കാരണം ഒട്ടേറെപ്പേർ നാട്ടിലേക്ക് മടങ്ങുന്ന സാഹചര്യത്തിൽ ഈ തുക വളരെ കുറഞ്ഞതാണെന്നാണ് ആക്ഷേപം.

അതേസമയം, പ്രഖ്യാപനങ്ങൾ വാക്കുകളായി മാത്രം മാറരുതെന്നും എത്രയും വേഗം കൃത്യമായി നടപ്പിലാക്കണമെന്നുമാണ് പ്രവാസികളുടെ ആവശ്യം. 

MORE IN GULF
SHOW MORE