ഫ്രഞ്ച് ഫ്രൈസ് ഉൾപ്പടെ ഈ ഭക്ഷണങ്ങൾ സ്കൂൾ കന്റ്റീനിൽ വേണ്ട; കർശന നിർദേശവുമായി യുഎഇ

uae-schools
SHARE

യു.എ.ഇയിലെ സ്കൂൾ കന്റ്റീനുകൾ വഴി ഒൻപതിനം ഭക്ഷ്യവസ്തുക്കൾ വിതരണം  ചെയ്യുന്നതിനു വിലക്ക്. ഫ്രഞ്ച് ഫ്രൈസ് അടക്കം എണ്ണയിൽ പൊരിച്ചെടുത്തതുൾപ്പെടെയുള്ള ഭക്ഷണങ്ങളാണ് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചത്. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ അധികൃതർക്കു  കർശന മാർഗ നിർദേശം കൈമാറി. 

വളർന്നു വരുന്ന തലമുറയുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ നടപടി. കൊഴുപ്പും അമിത തോതിൽ മധുരവും ചേർന്ന ഭക്ഷണവും പാർശ്വഫലങ്ങൾക്ക് സാധ്യതയുള്ള വിഭവങ്ങളുമാണ് നിരോധിച്ചത്.

ശീതീകരിച്ചു സൂക്ഷിച്ച മാംസവസ്തുക്കൾ, ഹോട് ഡോഗ്, കൃത്രിമ രുചിക്കൂട്ടുകൾ ചേർന്ന നൂഡിൽസ് അടക്കമുള്ള വിഭവങ്ങൾ, ഉപ്പിന്റെ അംശം കൂടിയവ, ചോക്കലേറ്റ് ബാറുകൾ, എണ്ണയും മധുരവും ചേർന്ന പലഹാരങ്ങൾ, ലോലിപോപ്പ് പോലെയുള്ള മിഠായികൾ,  ച്യുയിംഗം, പാർശ്വഫല സാധ്യതയുള്ള കടല ഉൽപന്നങ്ങൾ, ഫ്രഞ്ച് ഫ്രൈസ് അടക്കം എണ്ണയിൽ പൊരിച്ചെടുത്ത സാധനങ്ങൾ,  ഊർജദായക പാനീയങ്ങൾ, ക്രീം അടങ്ങിയ കേക്കുകൾ, ഡോനട്സുകൾ എന്നിവയ്ക്കു വിലക്ക് ബാധകമാകും.  

ഈ പട്ടികയിൽപ്പെടുന്ന സാധനങ്ങളുടെ വിതരണം സ്കൂളുകളിൽ അനുവദിക്കില്ല. അതേസമയം, കുട്ടികൾ സ്കൂളുകളിലേക്ക് പുറപ്പെടും മുൻപ് പ്രാതൽ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. 

MORE IN GULF
SHOW MORE