തൊഴിലിടങ്ങള്‍ സ്ത്രീ സൗഹൃദമാക്കി സൗദി; സുരക്ഷിതത്വവും മികച്ച വേതനവും

തൊഴിലിടങ്ങളില്‍ കൂടുതല്‍ സ്ത്രീ സൗഹൃദ സൗകര്യങ്ങളൊരുക്കി സൗദി അറേബ്യ. വനിതകള്‍ക്ക് ജോലിയില്‍ സുരക്ഷിതത്വവും സ്ഥിരതയുമുണ്ടാക്കുന്ന തരത്തില്‍ തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം നിയമം പരിഷ്കരിച്ചു. വേതന വ്യവസ്ഥയില്‍ സ്ത്രീ, പുരുഷ വ്യത്യാസം ഉണ്ടാവരുതെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. 

സ്ത്രീ സൗഹൃദ തൊഴിലിടങ്ങളായി രാജ്യത്തെ തൊഴില്‍ വിപണി മാറ്റുന്നതിൻറെ ഭാഗമായാണ് തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയത്തിൻറെ ഇടപെടൽ. സ്ത്രീകളുടെ സുരക്ഷിതത്വവും മികച്ച വേതനവും ഉറപ്പുവരുത്തുന്ന നിയമമാണ് നടപ്പിലാക്കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് അനുയോജ്യമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്. വനിതകളുടെ സ്വാതന്ത്ര്യം ഒരുതരത്തിലും ഹനിക്കാന്‍ പാടില്ല. പ്രാര്‍ഥനയ്ക്ക് പ്രത്യേക സൗകര്യം ഒരുക്കണം, വിശ്രമ സ്ഥലം, ശുചിമുറി എന്നിവ നിർബന്ധമായും അനുവദിക്കണം.

അതേസമയം, ഖനികൾ, കെട്ടിട നിർമാണ ജോലികൾ, പെട്രോൾ, ഗ്യാസ് മേഖലകൾ, സാനിറ്ററി ഫിക്സിങ് ജോലികൾ, റോഡ് ടാറിങ്, ലോഹ സംബന്ധമായ പണികൾ, ശുചീകരണം, സഞ്ചാരികളുടെ ലഗേജ് ചുമക്കുക തുടങ്ങിയ ജോലികൾ വനിതകൾക്ക് നൽകാൻ പാടില്ലെന്നും തൊഴിൽ സാമൂഹ്യക്ഷേമ മന്ത്രാലയം നിഷ്കർഷിക്കുന്നു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട കമ്പനികളിലെ ഓഫീസ് ജോലികൾ അടക്കം ലളിതമായ ജോലികൾ ചെയ്യുന്നതിന് വിലക്കില്ല.