യു.എ.ഇയിൽ സ്വദേശിവൽക്കരണം ഇരുന്നൂറു ശതമാനം വർധിച്ചു; ഈ വർഷം ഇരട്ടിയാക്കും

UAE-EXPO2020-TOURISM-CULTURE
SHARE

യു.എ.ഇയിൽ കഴിഞ്ഞവർഷം സ്വദേശിവൽക്കരണം ഇരുന്നൂറു ശതമാനം വർധിപ്പിക്കാനായെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഈ വർഷം സ്വദേശിവൽക്കരണം ഇരട്ടിയാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷമായിരുന്നു ഷെയ്ഖ്  മുഹമ്മദിൻറെ പ്രസ്താവന.

2018ലെ നേട്ടങ്ങള്‍ അവലോകനം ചെയ്യാനും പുതിയ വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്യാനുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിൻറെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്വദേശിവൽക്കരണത്തെക്കുറിച്ചുള്ള കണക്കുകൾ പുറത്തുവിട്ടത്. യു.എ.ഇയിലെ തൊഴില്‍ സ്വദേശിവത്കരണം 2018ല്‍ 200 ശതമാനം വര്‍ദ്ധിപ്പിക്കാനായെന്നും 2019ല്‍ ഇരട്ടിയാക്കേണ്ടതുണ്ടെന്നും ഷെയ്ഖ് മുഹമ്മദ് മന്ത്രിസഭാ യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു. 

കഴിഞ്ഞ വര്‍ഷം സ്വദേശികള്‍ക്കായി 7,000 വീടുകള്‍ നിര്‍മ്മിച്ചു. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ എല്ലാ പൗരന്മാര്‍ക്കും മാന്യമായ താമസ സ്ഥലം ഉറപ്പുവരുത്തും. സാമ്പത്തിക പിന്നോക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്കായി ആയിരം കോടി ദിര്‍ഹത്തിന്റെ സാമൂഹിക സഹായ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷം നടപ്പാക്കി. 

ഈ വര്‍ഷവും സര്‍ക്കാര്‍ അവര്‍ക്കൊപ്പമുണ്ടാകും. കുടുംബങ്ങള്‍, സ്ത്രീകള്‍, യുവാക്കള്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കായി പ്രത്യേക നയങ്ങള്‍ രൂപീകരിച്ചു. ഈ വർഷത്തിലും ഇതേ നയങ്ങൾ പിൻതുടരുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. അതേസമയം, രാഷ്ട്രസേവനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ ഷെയ്ഖ് മുഹമ്മദിന് യുഎഇ ക്യാബിനറ്റ് അനുമോദനമർപ്പിച്ചു.

MORE IN GULF
SHOW MORE