കമ്പനി ഉടമകൾ മുങ്ങി; അബുദാബിയിൽ 70 മലയാളികൾ ദുരിതക്കടലിൽ

abhudabi
SHARE

അബുദാബിയിൽ കമ്പനി ഉടമകൾ മുങ്ങിയതിനെ തുടർന്ന് ഏഴു മാസമായി ശമ്പളമില്ലാതെ 70 മലയാളികളടക്കം നാനൂറോളം തൊഴിലാളികൾ ദുരിതത്തിൽ. മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ താമസിക്കുന്ന അൽവസീത എമിറേറ്റ്സ് കാറ്ററിങ് സർവീസസ് കമ്പനി തൊഴിലാളികളാണ് ജീവൻ നിലനിർത്താൻ പാടുപെടുന്നത്. ഇവരിൽ വീസ കാലാവധി കഴിഞ്ഞവരും രാജിക്കത്തു കൊടുത്തവരും കമ്പനിക്കെതിരെ കേസ് നൽകിയവരും ഉൾപ്പെടും. എട്ടു വർഷമായി ആയിരങ്ങൾക്ക് രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊടുത്തവരാണ് ഇന്നിപ്പോൾ ഭക്ഷണത്തിനുവേണ്ടി യാചിക്കുന്നത്.

കൊല്ലം മൈനാഗപ്പള്ളി സ്വദേശി ബാബു വാസുദേവൻ 9 വർഷമായി ഇതേ കമ്പനിയിൽ പൊറോട്ട മേക്കറായി ജോലി ചെയ്യുകയാണ്. വീസ കഴിഞ്ഞിട്ട് 9 മാസമായി. 7 മാസത്തെ ശമ്പള കുടിശ്ശികയുണ്ട്. അറബിക് കുക്കായ നിലമ്പൂർ സ്വദേശി ബീരാൻകുട്ടിക്കും ഡ്രൈവർമാരായ മലപ്പുറം സ്വദേശി ആഷിഖിനും ഹൈദരാബാദ് സ്വദേശി നരേഷിനും പറയാനുള്ളത് ഇതേ പരാതി തന്നെ. വീസ കഴിഞ്ഞതിനാൽ പുറത്തിറങ്ങാനാവാതെ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കിടെ കൈവിരലുകൾ മുറിഞ്ഞ തനിക്കും ഒരുസഹായവും നൽകിയില്ലെന്ന് തമിഴ്നാട് സ്വദേശി ചിത്തിരവ് പറയുന്നു.  നരേഷ് അടക്കം പകുതിയോളം പേരുടെ കയ്യിൽ കേസിന്റെ വിധിപ്പകർപ്പുണ്ട്. 21,000 ദിർഹം നരേഷിന് കിട്ടാനുണ്ട്. പക്ഷേ കൊടുക്കാൻ കമ്പനിയുടെ പക്കൽ പണമില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മൂന്നാഴ്ചയായി ഭക്ഷണവും കുടിവെള്ളവും നിലച്ചിട്ട്.

ഇടയ്ക്ക് വൈദ്യുതിയും വിഛേദിച്ചപ്പോൾ പൊലീസെത്തിയാണ് പുനഃസ്ഥാപിച്ചത്. കമ്പനിയിൽ അവശേഷിക്കുന്ന ഉദ്യോഗസ്ഥരെ അറിയിക്കുമ്പോൾ അവരും നിസ്സഹായരാണ്. മാലിന്യംകുന്നുകൂടി ക്യാംപ് പരിസരത്ത്  ദുർഗന്ധം വമിക്കുകയാണ്. ഇത് പകർച്ചവ്യാധിക്കിടയാക്കുമോ എന്നാണ് തൊഴിലാളികളുടെ ഭയം. സ്വന്തമായി മാലിന്യം നീക്കം ചെയ്യാമെന്നുവച്ചാൽ പരിസരത്തൊന്നും മാലിന്യപ്പെട്ടിയില്ല.. ക്യാംപിന്റെ  വാടക കൊടുക്കാത്തതിനാൽ അഞ്ചു ദിവസത്തിനകം താമസം ഒഴിയണമെന്നാണ് കെട്ടിട ഉടമകളുടെ അന്ത്യശാസനം. ഇവിടന്ന് ഇറങ്ങേണ്ടിവന്നാൽ എങ്ങോട്ടുപോകുമെന്ന ആശങ്കയിലാണിവർ.സുഹൃത്തുക്കളുടെയും സമീപവാസികളുടെയും സഹായത്താലാണ് ജീവൻ നിലനിർത്തുന്നത്. ആർക്കെങ്കിലും എന്തെങ്കിലും കിട്ടിയാൽ എല്ലാവരും ചേർന്നു വീതംവച്ചുകഴിക്കും.

പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം തുടങ്ങിയ അസുഖമുള്ളവർക്ക് മരുന്നുവാങ്ങാൻപോലും പണമില്ല. 1363 തൊഴിലാളികളുള്ള കമ്പനിയുടെ അവസ്ഥ മോശമായപ്പോൾ 400 പേർ ദീർഘകാല അവധിക്ക് നാട്ടിൽ പോയി. ശേഷിച്ചവരിൽ 250 പേർ ദുബായ്, അൽഐൻ ക്യാംപുകളിലായി ജോലി ചെയ്യുന്നുണ്ട്. അവശേഷിക്കുന്നവരിൽ 233 പേർ തുടർന്നും ജോലി ചെയ്യാൻ സന്നദ്ധരുമാണ്. രണ്ടു ജോർദാനി സഹോദരന്മാരും ഒരു സ്വദേശിയും പാർട്ണർമാരായ കമ്പനി ലാഭകരമായാണ് പ്രവർത്തിച്ചിരുന്നത്.  മിലിറ്ററി ക്യാംപിലേക്ക് ഭക്ഷണം എത്തിക്കുന്ന ചുമതലയുള്ള കമ്പനി സേവനത്തിൽ വീഴ്ച വരുത്തിയതോടെ കരാർ നഷ്ടപ്പെട്ടു. ഇതോടെ ശമ്പളക്കുടിശ്ശികയായി. പ്രതിസന്ധി രൂക്ഷമാകുംമുൻപ് ഉടമകൾ 2018 ജൂലൈയിൽ മുങ്ങിയതോടെ ജോലിയില്ലാതെ തൊഴിലാളികൾ പെരുവഴിയിലായി. ഇതേസമയം ബാങ്കുവായ്പയുള്ളതിനാൽ കിട്ടാനുള്ള തുക കിട്ടിയാൽ പോലും എടുക്കാനാവാത്ത സ്ഥിതിയാണെന്നും അതിനാൽ മറ്റെന്തെങ്കിലും പരിഹാരത്തെ പറ്റിയാണ് ആലോചിക്കുന്നതെന്നും കമ്പനി വക്താവ് മനോരമയോട് പറഞ്ഞു.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.