വീടിനേക്കാൾ ജയില്‍ സുഖം; ശിക്ഷ കഴിഞ്ഞും തടവറ വിടാതെ ദുബായില്‍ 11 വനിതകള്‍

dubai-jail
SHARE

ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ജയിൽവിടാൻ കൂട്ടാക്കാത്ത പതിനൊന്നു വനിതാ തടവുകാർ ദുബായ് ജയിലിലുണ്ടെന്ന് അധികൃതർ. ജയിലിലെ സുഖ സൗകര്യങ്ങളും ജയിലധികൃതരുടെ സ്നേഹസമീപനവുമാണ് തടവുകാർക്ക് നാടിനേക്കാൾ ജയിലിനെ പ്രിയങ്കരമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുബായ് പോലെ തന്നെ ദുബായ് ജയിലും വ്യത്യസ്തമാണ്. തടവു പുള്ളികൾക്കു ഒരു വീടുപോലെ  ജയിലും അനുഭവവേദ്യമാകും വിധമാണ് അവിടത്തെ സേവനങ്ങൾ. വൈദ്യസഹായം, ഭക്ഷണം, കുടുംബങ്ങളുമായി ബന്ധപ്പെടുവാനുള്ള സൗകര്യം തുടങ്ങി എല്ലാം തടവുകാർക്കും ലഭ്യമാണ്. മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന പെരുമാറ്റമാണ് തടവുകാരോട് കാണിക്കുക. വനിതാ തടവുകാർക്കൊപ്പം മക്കളുണ്ടെങ്കിൽ അവർക്കും മെച്ചപ്പെട്ട പരിചരണം ലഭിക്കും. സാഹോദര്യ, കുടുംബ പശ്ചാത്തലം സൃഷ്ടിക്കുന്നതിനാണ് ജയിൽ മുൻഗണന നൽകുന്നതെന്ന് ദുബായ് വനിതാ ജയിൽ ഡയറക്ടർ ലഫ്റ്റ.കേണൽ ജമീല ഖലീഫ അൽസആബി അറിയിച്ചു.

എല്ലാ രാജ്യക്കാരോടും സമത്വപൂർണമായ സമീപനമാണ് സ്വീകരിക്കുക. സേവനത്തിലും സമീപനത്തിലും ആരോടും വിവേചനമില്ല. തടവുകാരുടെ അവകാശങ്ങൾ വകവച്ച് കൊടുക്കും. അവകാശങ്ങൾ കൈപ്പറ്റി മാത്രമാണ് തടവുകാലം കഴിഞ്ഞവർ ജയിൽവിടുന്നത്. മനുഷ്യക്കടത്ത് കേസുകളിലും താമസകുടിയേറ്റ വകുപ്പ് നിയമം ലംഘിച്ചവരുമാണ് തടവുകാരിൽ കൂടുതലുള്ളത്.

ശിക്ഷാകാലം കഴിയുന്നതോടെ പുതിയ ജീവിതം നയിക്കാനുള്ള പരിശീലനവും ജയലധികൃതർ നൽകുന്നുണ്ട്. മുന്തിയ തരം ഭക്ഷണം ലഭ്യമാക്കുന്നതിനായി നിലവാരമുള്ള കാറ്ററിങ്ങ് കമ്പനിക്കാണ് വിതരണ ചുമതല നൽകിയത്. തടവുകാരുടെ സംരക്ഷണത്തിനായി വൻ തുക ദുബായ് പൊലീസ് ചെലവിടുന്നുണ്ടെന്ന് ലഫ്.കേണൽ ജമീല പറഞ്ഞു.

ജയിലെന്നു പറഞ്ഞാൽ പുറം ലോകവുമായി ബന്ധമില്ലാത്ത ബന്ധനങ്ങളുടെ മതിൽ കെട്ടായാണ് കേട്ടിട്ടുള്ളത്. യുഎഇയും ദുബായ് പൊലീസും ഇതു തിരുത്തിയതായി ശിക്ഷാ കലാവധി കഴിഞ്ഞിട്ടും ജയിൽ വിടാൻ തയാറാകാത്ത ഒരു തടവുകാരി പറഞ്ഞു.ഇവിടെ ഞാൻ സ്വതന്ത്രയും സുരക്ഷിതയുമാണ്, എന്റെ നാട്ടിൽ ഈ സ്ഥിതി ഞാൻ കാണുന്നില്ലെന്നാണ് ' തിരിച്ചു പോകാൻ വിസമ്മതിച്ച ഒരു അറബ് ദേശക്കാരിയുടെ നിലപാട്.

വലിയ ലൈബ്രറി, കായിക വിനോദകേന്ദ്രം, സവാരിക്ക് അവസരം, ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ കോർട്ട് തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഇതെല്ലാം തടവുകാർക്ക് കാരാഗൃഹം ഒരു ഗൃഹാന്തരീക്ഷമാക്കി മാറ്റുന്നു. എവിടെ ആയാലും ജീവിക്കണം. എങ്കിൽ അതിനു പറ്റിയ ഇടം ഇതാണ്. ദുബായ് ജയിൽ മതിലുകൾ പുറത്തേക്ക് ചാടാനുള്ളതല്ല. അകത്തുള്ളവരെ സംരക്ഷിക്കാനുള്ളതാണെന്നാണ് ജയിൽവിടാൻ കൂട്ടാക്കാത്ത പതിനൊന്നു പേരുടെയും നിലപാട്.

MORE IN GULF
SHOW MORE