ഖത്തറിൽ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി

qatar-land
SHARE

ഖത്തറിലെ തിരഞ്ഞെടുത്ത മേഖലകളിൽ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി നൽകുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരും. റജിസ്‌ട്രേഷൻ വകുപ്പിന്റെ ചുമതലയുള്ള നീതിന്യായമന്ത്രാലയം തയാറാക്കിയ കരടുനിർദേശത്തിനു പ്രധാനമന്ത്രി ഷെയ്‌ഖ്‌ അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.

വിദേശികൾ വാങ്ങുന്ന ഭൂമിയുടെ വില ഉൾപെടെയുള്ള കാര്യങ്ങളിൽ അന്തിമതീരുമാനമെടുക്കുന്നതിനും റജിസ്‌ട്രേഷൻ അടക്കം അനുബന്ധ നടപടികൾക്കു മേൽനോട്ടം വഹിക്കുന്നതിനും നിയന്ത്രണ സമിതി രൂപീകരിക്കാനുള്ള നീതീന്യായ മന്ത്രാലയ നിർദേശത്തിനും മന്ത്രിസഭ അംഗീകാരം നൽകി. നീതീന്യായ മന്ത്രാലയ പ്രതിനിധിയായിരിക്കും സമിതിയുടെ തലവൻ. വിദേശികൾക്കു ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാനാവുന്ന മേഖലകൾ നിശ്‌ചയിക്കുക സമിതിയുടെ ഉത്തരവാദിത്തമായിരിക്കും. വിദേശി ഉടമസ്‌ഥാവകാശം സംബന്ധിച്ച വ്യവസ്‌ഥകൾ രൂപീകരിക്കുക, റിയൽ എസ്‌റ്റേറ്റ്‌ സംരംഭകർക്കു  സർക്കാർ ലഭ്യമാക്കേണ്ട സേവനങ്ങളും സാമ്പത്തികാനുകൂല്യങ്ങളും സംബന്ധിച്ച ശുപാർശ നൽകുക, റജിസ്‌ട്രേഷൻ ഫീസിലും മറ്റുകാര്യങ്ങളിലും അന്തിമതീരുമാനമെടുക്കുന്നതിനു മന്ത്രിസഭയ്ക്ക്‌ ആവശ്യമായ ശുപാർശകൾ സമർപ്പിക്കുക, നിയമനടത്തിപ്പുമായി ബന്ധപ്പെട്ട്‌ മന്ത്രിസഭ നൽകുന്ന നിർദേശങ്ങൾ നടപ്പാക്കാൻ നടപടിയെടുക്കുക എന്നിവയെല്ലാം സമിതിയുടെ ഉത്തരവാദിത്വമാണ്‌. വിദേശികളിൽ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നൽകുന്ന നിയമം സെപ്റ്റംബറിൽ പാസാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാൻ വിദേശികൾക്ക് അനുമതി നൽകുന്ന നിയമം പ്രാബല്യത്തിൽ വരാനൊരുങ്ങുന്നത്. 

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.