ഖഷോഗി കൊലപാതകം; സൗദി കിരീടാവാകാശിയുടെ സഹായികളെ അറസ്റ്റ് ചെയ്യണമെന്ന് തുർക്കി

jamal-kashogi
SHARE

മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകക്കേസിൽ സൗദി കിരീടാവാകാശിയുടെ സഹായികളായ രണ്ടു ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിക്കണമെന്ന് തുർക്കി. ഗൂഢാലോചനയെക്കുറിച്ചു വ്യക്തമാകണമെങ്കിൽ ഇവരെ വിചാരണ നടത്തണമെന്ന് തുർക്കി പ്രോസിക്യൂട്ടർ പറഞ്ഞു. അതേസമയം, കേസിൽ രാജ്യാന്തര അന്വേഷണം നടത്തണമെന്ന് യു.എൻ മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

ഖഷോഗിയുടെ കൊലപാതകത്തിനു പിന്നാലെ ഇൻറലിജൻസ് വിഭാഗത്തിലെ ഉയർന്ന ഉദ്യോഗസ്ഥരായ സൌദ് അൽ ഖഹ്താനി, ജനറൽ അഹ്മദ് അൽ അസിരി എന്നിവരെ സൌദി പുറത്താക്കിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്യുന്നതിൽ ഇരുവർക്കും നിർണായക പങ്കുള്ളതായി തുർക്കി പ്രോസിക്യൂട്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതിനാൽ അറസ്റ്റ് ചെയ്ത് തുർക്കിയിൽ വിചാരണ നടത്തണമെന്നാണ് ആവശ്യം. സൊദിയുടെ പക്കലുള്ള പ്രതികളെ വിചാരണയ്ക്കായി തുർക്കിക്കു വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണിത്. അതിനിടെ, കേസിൽ രാജ്യാന്തര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ മേധാവി മിഷേല്ലേ ബാച്ലെറ്റ് രംഗത്തെത്തി. കൊലപാതകം ആസൂത്രണം ചെയ്തവരെയടക്കം വെളിപ്പെടുത്തണമെന്നും മനുഷ്യാവകാശ കമ്മീഷൻ  ആവശ്യപ്പെട്ടു. കൊലപാതകത്തിൽ സൌദി കിരീടാവകാശിക്കു പങ്കുണ്ടെന്ന് യു.എസ് സെനറ്റിലെ രണ്ട് അംഗങ്ങൾ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എന്നിന്റെ ഇടപെടൽ. അതേസമയം, ഇക്കാര്യത്തിൽ സൌദി പ്രതികരിച്ചിട്ടില്ല. കേസിലെ അഞ്ചു പ്രതികൾക്ക് വധ ശിക്ഷ നൽകണമെന്ന് വിചാരണയ്ക്കിടെ സൌദി പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു.

MORE IN GULF
SHOW MORE