സുഷമ സ്വരാജ് യു.എ.ഇയിലേക്ക്; സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കും

കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യു.എ.ഇ സന്ദർശിക്കും. സാമ്പത്തിക സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഇന്ത്യ, യു.എ.ഇ ജോയിന്റ് കമ്മിഷൻ യോഗത്തിൽ  വിദേശകാര്യ മന്ത്രി പങ്കെടുക്കും.  

അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ഷെയ്ഖ്  മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തും. വ്യവസായം, വ്യാപാരം  ,നയതന്ത്ര, പ്രതിരോധം ,ബഹിരാകാശം അടക്കമുള്ള മേഖലകളിൽ ഇരു രാജ്യങ്ങളും തുടരുന്ന സഹകരണം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്യും. മഹാത്മാഗാന്ധിയുടെ 150-ാംമത് ജന്മദിനത്തിന്റെയും സായിദ് വർഷാചരണത്തിന്റെയും ഭാഗമായി ഗാന്ധി സായിദ് ഡിജിറ്റൽ മ്യൂസിയത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. അബുദാബിയിലെ ഇന്ത്യൻ സമൂഹവുമായി സുഷ്മ സ്വരാജ്  സംവദിക്കും. 

പാർലമെന്റ് തിരഞ്ഞെടുപ്പ് അടുത്തു വരാനിരിക്കെ പ്രവാസ സമൂഹത്തിനു അനുകൂലമായ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും വിദേശ കാര്യ മന്ത്രിയിൽ നിന്നുമുണ്ടാകുമെന്നാണ് സൂചന. ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള സാമ്പത്തിക-സാംസ്കാരിക-വാണിജ്യ ബന്ധം ഏറ്റവുംമികച്ച രീതിയിൽ മുന്നോട്ടുപോകുന്ന സമയത്ത് വിദേശകാര്യമന്ത്രിയുടെ സന്ദർശനം കൂടുതൽ പങ്കാളിത്തങ്ങൾക്കും സഹകരണത്തിനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.