കാണാമറയത്ത് ഇൗ അന്നദാതാവ്; അമ്മയ്ക്കായി ഇൗ മക്കള്‍ ചെയ്യുന്നത്; നൻമയുടെ ദാനം

food-free-uae
SHARE

ഏതൊക്കെ രീതിയിൽ പ്രകടിപ്പിച്ചാലും പൂർണമാകാത്ത സ്വന്തം മാതാവിനോടുള്ള സ്നേഹം സ്വദേശി യുവാക്കൾ നിറവേറ്റാൻ ശ്രമിക്കുന്നത് അന്ന വിതരണത്തിന്‍റെ രൂപത്തിൽ. തങ്ങളുടെ പ്രിയപ്പെട്ട മാതാവിന്‍റെ വിയോഗം ഹൃദയത്തിൽ സങ്കടക്കടലായി തിരയിളക്കുമ്പോൾ മനംനിറഞ്ഞ ഒരു പ്രാർഥനപോലെ പരിസരത്തുള്ളവർക്ക് വെള്ളിയാഴ്ചകളിൽ മുടങ്ങാതെ ഒരു നേരത്തെ ഭക്ഷണം വിളമ്പുന്നു.

അബുദാബി മുസഫ ഷാബിയ പന്ത്രണ്ടിലെ മസ്ജിദ് അൽ സാദിലും തൊട്ടടുത്ത മറ്റൊരു പള്ളിയിലുമാണ് അന്നവിതരണം. വെള്ളിയാഴ്ചകളിൽ ഇവിടെ പ്രാർഥനയ്ക്ക് എത്തുന്ന സാധാരണക്കാർക്ക് അനുഗ്രഹമാവുകയാണ് ഈ സദ്പ്രവർത്തനം. സാധാരണ റമസാനിൽ ഇഫ്താറിനു മാത്രമാണ് പള്ളികളോട് ചേർന്നു ഭക്ഷണം വിതരണം ചെയ്തിരുന്നത്. എന്നാൽ, അകാലത്തിൽ വേർപിരിഞ്ഞ മാതാവിനോടുള്ള സ്നേഹം അലകടലായി ഒഴുകിയപ്പോൾ റമസാൻ വരെ കാത്തുനിൽക്കാനായില്ലെന്ന് പറഞ്ഞപ്പോൾ ആ സ്വദേശി യുവാവിന്‍റെ കണ്ണുനിറഞ്ഞു.

കുറച്ചുകാലം പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. ഇതനുസരിച്ച് തുടങ്ങിയതാണ്. പക്ഷേ, ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണവും അവസ്ഥും മനസിലാക്കി തുടരാൻ തീരുമാനിക്കുകയായിരുന്നു സഹോദരങ്ങൾ. ഇവരുടെ നിഷ്കളങ്കമായ പ്രാർഥന തന്‍റെ മാതാവിനുകൂടി എത്തുമെന്നാണ് വിശ്വാസമെന്ന് പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത യുവാവ് പറഞ്ഞു.

വലിയ തളികയിൽ എത്തിക്കുന്ന ബിരിയാണി എട്ടും പത്തും പേർ ഒന്നിച്ചിരുന്ന് കഴിക്കുന്നത് മാറിനിന്നു നോക്കി നിർവൃതിയടയുന്നു ഇദ്ദേഹം. പക്ഷേ, കഴിക്കുന്നവർക്ക് അറിയില്ല കാണാമറയത്തുള്ള അന്നദാതാവിനെ. ഇങ്ങനെ 20ലേറെ തളികകളിലൂടെ ഇരുനൂറോളം പേർക്ക് വിശപ്പടക്കാനുള്ള ഭക്ഷണമാണ് നൽകിവരുന്നത്. അബുദാബിയിലെ ഒരു കാറ്ററിങ് കമ്പനിയാണ് സ്വദേശിയുടെ ഓർഡർ അനുസരിച്ച് ഭക്ഷണം എത്തിക്കുന്നത്. അന്നദാനം മഹാദാനമെന്ന ഈ സപര്യ തുടരാൻ തന്നെയാണ് ഈ കുടുംബത്തിന്‍റെ തീരുമാനം.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.