ഇന്ത്യക്കാർക്ക് ദീപാവലി ആശംസ നേർന്ന് ഷെയ്ഖ് മുഹമ്മദ്; ഒപ്പം ഒരു നിർദേശവും

sheikh-mohammed
SHARE

ഇന്ത്യക്കാർക്ക് ദീപാവലി ആശംസ നേർന്ന് യു.എ.ഇ വൈസ് പ്രസിഡൻറും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും.  പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെയാണ് ആശംസ നേർന്നത്. അതേസമയം, യു.എ.ഇയിലെ ദീപാവലി ചിത്രങ്ങൾ പങ്കുവയ്ക്കണമെന്ന ഭരണാധികാരിയുടെ നിർദേശം ജനങ്ങൾ ഏറ്റെടുത്തത് കൌതുകമായി.

യുഎഇ ജനതയുടെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ദീപാവലി ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാർക്കും ആശംസ നേരുന്നതായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും ഹിന്ദിയിലും ഇംഗ്ളീഷിലുമായാണ് ട്വിറ്ററിൽ കുറിച്ചത്. സ്നേഹവും പ്രതീക്ഷയും എല്ലാവരിലും നിറയട്ടെയെന്നും ദുബായ് ഭരണാധികാരി ആശംസിച്ചു. ഷെയ്ഖ് മുഹമ്മദിൻറെ ആശംസയ്ക്ക് നന്ദിയർപ്പിച്ച് അറബിയിലും ഇംഗ്ളീഷിലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടിയും നൽകി. 

യുഎഇയിൽ ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ യുഎഇദീപാവലി എന്ന ഹാഷ് ടാഗിൽ ഷെയർ ചെയ്യണമെന്നും ഷെയ്ഖ് മുഹമ്മദ് അഭ്യർഥിച്ചു. ഇത് ഏറ്റെടുത്ത ഇന്ത്യക്കാർ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിൽ ദീപാവലി ചിത്രങ്ങൾ കൊണ്ടു നിറച്ചു. അതേസമയം, ദുബായിലെ ഇന്ത്യൻ കോൺ‌സുലേറ്റ് ജനറലിനോടൊപ്പം ദുബായ് സർക്കാറും ദീപാവലി ആഘോഷങ്ങളിൽ പങ്കുചേർന്നു. ദുബായ് പൊലീസ്, ദുബായിലെ വാട്ടർ ഫ്രണ്ട് വിഹാര കേന്ദ്രം, ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് എന്നിവരും ഇന്ത്യൻ കോൺ‌സുലേറ്റിനൊപ്പം സഹകരിക്കുന്നുണ്ട്. 

MORE IN GULF
SHOW MORE