യുഎഇയിൽ കനത്ത മഴ; ഡാമുകൾ നിറഞ്ഞു; വാദികൾ നിറഞ്ഞൊഴുകി– വിഡിയോ

uae-rain
SHARE

യുഎഇയുടെ പല മേഖലകളിലും ഇന്നലെയും ഇന്നും ശക്തമായ മഴ. ഏതാനും ദിവസങ്ങളായി തുടരുന്ന മഴയിൽ വാദികൾ നിറഞ്ഞൊഴുകുകയാണ്. മലനിരകളിൽ നിന്നു വെള്ളപ്പാച്ചിലും കൂടി. ഡാമുകൾ പലതും നിറഞ്ഞു. അബുദാബിയുടെ വിവിധ ഭാഗങ്ങളിലും ഷാർജയുടെ വിവിധ ഭാഗങ്ങളിലും ദുബായ്, റാസൽഖൈമ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഫുജൈറ തുറമുഖത്ത് 24 മണിക്കൂറിനിടെ 102.8 മില്ലീമീറ്റർ മഴ ലഭിച്ചു. 1977നുശേഷം ആദ്യമായാണിത്. മലയോരങ്ങൾ, താഴ്ന്ന മേഖലകൾ, വാദികൾ എന്നിവിടങ്ങളിൽനിന്നു പൊതുജനങ്ങൾ വിട്ടുനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. ദൈദ്, ദർഫ, അബുദാബി സ്വീഹാൻ, അൽഐൻ മേഖലകൾ എന്നിവിടങ്ങളിൽ ഇന്നലെ ഉച്ചകഴിഞ്ഞു ശക്തമായ മഴയുണ്ടായി. നാളെ വരെ ഇതേരീതിയിൽ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റിടങ്ങളിലും മഴയ്ക്കു സാധ്യതയുണ്ട്.

തണുപ്പുകാലത്തിനു മുന്നോടിയായുള്ള പ്രതിഭാസമാണിത്. ഞായറാഴ്ചത്തെ കനത്ത മഴയിൽ റാസൽഖൈമയിലും ഫുജൈറയിലും ഉരുൾ പൊട്ടിയിരുന്നു. നിർത്തിയിട്ട ചില വാഹനങ്ങൾ ഒലിച്ചുപോയി. റാസൽഖൈമയിലെ ജബൽ അൽ ജെയ്സ് മലനിരകളിലേക്കുള്ള ഗതാഗതം നിർത്തിവയ്ക്കുകയും ചെയ്തു. മലമുകളിൽനിന്നുള്ള മണ്ണും പാറക്കഷ്ണങ്ങളും റോഡിലേക്ക് ഒലിച്ചിറങ്ങിയതിനാൽ വിവിധ പ്രദേശങ്ങളിലെ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. വെള്ളക്കെട്ടുകൾ നീക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചുവരികയാണ്.

ചെങ്കടിൽ രൂപപ്പെട്ട ന്യൂനമർദം സൗദിയുടെ വടക്ക് മധ്യഭാഗങ്ങളിലൂടെ യുഎഇയുടെ വടക്കൻ എമിറേറ്റുകളിലേക്ക് നീങ്ങിയതാണ് ഇടിയോടുകൂടിയ ശക്തമായ കാറ്റും മഴയും അനുഭപ്പെടാൻ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. മഴയുള്ള സമയത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമിപ്പിച്ചു.

MORE IN GULF
SHOW MORE