സ്വാമി അയ്യപ്പനെ കുറിച്ച് മോശം പരമാർശം; ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചു വിട്ടു

ശബരിമലയെ ചൊല്ലിയുളള പ്രതിഷേധങ്ങൾ കേരളത്തിൽ വ്യാപകമാകുമ്പോൾ മതവികാരം പ്രണപ്പെടുത്തുന്ന പരമാർശം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. റിയാദ് ലുലു ഹൈപ്പർമാർക്കറ്റിലെ ജീവനക്കാരൻ ദീപക്കിനെയാണ് പിരിച്ചുവിട്ടത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റിനെ തുടര്‍ന്നാണ് നടപടി. സ്വാമി അയ്യപ്പനെതിരെ മോശമായ പരാമര്‍ശം നടത്തിയ ദീപക് ആലപ്പുഴ സ്വദേശിയാണ്.

പ്രളയക്കെടുതിയില്‍ സര്‍വരും കേരളത്തെ ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ അപഹാസം നിറഞ്ഞ കമന്‍റുമായി എത്തിയ രാഹുൽ സി.പിയെന്ന യുവാവിനെയും ലുലും ഇതേ മാതൃകയിൽ പുറത്താക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ മോശം പരാമർശം പ്രചരിപ്പിച്ചതിനാണ് നടപടിയെന്ന് ലുലു ഗ്രൂപ്പ് ചീഫ് കമ്യൂണിക്കേഷൻ ഓഫിസർ വി.നന്ദകുമാർ അറിയിച്ചു. 

‌സമൂഹത്തിന്റെ സുരക്ഷയ്ക്കും ഐക്യത്തിനും ഭീഷണിയാകുന്ന ദുഷ്‌പ്രവണതകള്‍ പ്രോല്‍സാഹിപ്പിക്കില്ലെന്ന ലുലു ഗ്രൂപ്പിന്റെ കര്‍ശന നിലപാടാണ് ഇത്തരത്തിലുള്ള നടപടിയെടുക്കാന്‍ ഇടയായത്. സാമൂഹിക മാധ്യമങ്ങളിലൂടെ മതങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യുന്ന ജീവനക്കാരെ ജോലിയില്‍ നിന്നും പിരിച്ച് വിടുമെന്ന മുന്നറിയിപ്പ് എല്ലാ ജീവനക്കാര്‍ക്കും ലുലു ഗ്രൂപ്പ് നല്‍കിയിരുന്നു.