യാത്രക്കാർക്ക് ഒന്നടങ്കം അസ്വസ്ഥത; ദുബായ് വിമാനത്തിൽ സംഭവിച്ചതെന്ത്?

ദുബായിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന എമിറേറ്റ്സ് വിമാനത്തിലെ 10 യാത്രക്കാർക്ക് ഒരുമിച്ച് അസുഖ ബാധയുണ്ടായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യാത്രക്കാർക്ക് ഒരുതരം പനി ബാധിച്ചതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ദുബായിൽ നിന്നും 520 യാത്രക്കാരുമായാണ് എമിറേറ്റ്സ് വിമാനം വാഷിംഗ്ടൺ ജെഎഫ്കെ വിമാനത്താവളത്തിൽ എത്തിയത്. 

യാത്രക്കാരിലെ പത്തുപേർക്ക് ഒരുമിച്ച് കടുത്ത ചുമയും ശ്വാസതടസ്സവുമുണ്ടാകുകയായിരുന്നു. ഇത് ‘ഇൻഫ്ലൂവൻസ’ (ഒരു തരം പനി) മൂലമായിരിക്കാമെന്ന് ന്യൂയോർക്ക് സിറ്റി ആക്റ്റിങ്ങ് ഹെൽത്ത് കമ്മിഷണർ ഡോ. ഒക്സിറിസ് ബാർബോട്ട് അറിയിച്ചു. എല്ലാ യാത്രക്കാരേയും സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാക്കിയതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അധികൃതർ പറഞ്ഞു.

2012 ൽ ആദ്യമായി കണ്ടെത്തിയ മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം എന്ന വൈറൽ റസ്പിറേറ്ററി അസുഖമാണോ എന്ന് പരിശോധിച്ചു വരികയാണ്. പക്ഷേ, ഇക്കാര്യം പൂർണമായും സ്ഥിരീകരിക്കാൻ ആയിട്ടില്ല. പരിശോധനകളുടെ അന്തിമ ഫലം വന്നതിനു ശേഷമേ ഇത് പറയാൻ സാധിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ മൂന്നു പേർ യാത്രക്കാരും ഏഴു പേർ വിമാനജീവനക്കാരുമാണ് എന്നാണ് എമിറേറ്റ്സ് നൽകുന്ന വിവരം. യാത്രക്കാരിൽ ചിലർക്ക് കടുത്ത ചുമയും തൊണ്ടവേദനയും തലവേദനയും അനുഭവപ്പെട്ടതാണ് പ്രശ്നങ്ങൾ അറിയാൻ കാരണമായത്.

നേരത്തെ വിമാനത്തിലെ 100 പേർ അസുഖ ബാധിതരായെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാർത്ത പുറത്തുവിട്ടിരുന്നു. എന്നാൽ, 10 പേർക്കു മാത്രമാണ് അസുഖമുള്ളതെന്നും മറ്റുള്ളവരെ പരിശോധനയ്ക്കു ശേഷം പോകാൻ അനുവദിച്ചുവെന്നും എമിറേറ്റ്സ് അധികൃതർ തന്നെ വ്യക്തമാക്കിയിരുന്നു.

ദുബായ് വിമാനത്താവളത്തിൽ വെച്ചു തന്നെ യാത്രക്കാർക്ക് അസുഖലക്ഷണം പ്രകടമായതായി യാത്രക്കാർ തന്നെ പറയുന്നു. പനിയും ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ട പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുബായിൽ നിന്നും എത്തിയ വിമാനം പ്രത്യേക സ്ഥലത്തു ലാന്റ് ചെയ്തതോടെ മെഡിക്കൽ ടീം എത്തി എല്ലാ യാത്രക്കാരേയും വിദഗ്ദ പരിശോധനക്ക് വിധേയരാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് എമിറേറ്റ്സ് അധികൃതരും സിഡിസിയും അന്വേഷണം ആരംഭിച്ചു.