18 കോടി നേടിയ മലയാളി നറുക്കെടുത്തു; മറ്റൊരു മലയാളിക്ക് 23 കോടി‌: ആ ഭാഗ്യവേട്ടക്കഥ

malayali-luck
SHARE

ഗൾഫ് നറുക്കെടുപ്പുകളിൽ മലയാളികളുടെ ഭാഗ്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ഏറ്റവും ഒടുവിൽ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തുകയായ 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സ്വന്തമാക്കിയതും മലയാളി തന്നെ. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ തൊടുപുഴ സ്വദേശി ജോർജ് മാത്യുവിനും കൂട്ടുകാർക്കുമാണ് ഈ തുക ലഭിച്ചത്. എന്നാൽ, ഈ സമ്മാനം ലഭിക്കുന്നതിന് പിന്നിലും ഒരു മലയാളിയുടെ സ്പർശം ഉണ്ട്.

ഒടുവിൽ നടന്ന നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ ഒരു കോടി ദിർഹം (ഏതാണ്ട് 18.75 കോടി രൂപ) സ്വന്തമാക്കിയ കുണ്ടറ സ്വദേശി വാഴപ്പള്ളിൽ സൈമൺ ആണ് പുതിയ ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്. 18 കോടി നേടിയ മലയാളി, 23 കോടി മറ്റൊരു മലയാളിയുടെ കയ്യിലേക്ക് എത്തിക്കുന്നു!

പുതിയ വിജയിയെ തിരഞ്ഞെടുക്കാൻ എത്തിയ സൈമൺ ഏറെ സന്തുഷ്ടനായിരുന്നു. തനിക്കാണ് ഒന്നാം സമ്മാനം എന്നു പറഞ്ഞു വിളിച്ചപ്പോൾ പറ്റിക്കാൻ പറഞ്ഞതാകും എന്നാണ് ആദ്യം കരുതിയതെന്ന് അദ്ദേഹം ഓർത്തു. നാലാമത്തെ തവണ ടിക്കറ്റ് എടുത്തപ്പോഴാണ് വമ്പൻ സമ്മാനം ലഭിച്ചത്. സാധാരണ കൂട്ടുകാർക്കൊപ്പം ഭാഗ്യം പരീക്ഷിക്കാറുള്ള താൻ ഇത്തവണ ഒറ്റയ്ക്ക് ടിക്കറ്റ് എടുത്തപ്പോഴാണ് ഭാഗ്യം ഒപ്പം നിന്നതെന്നും സൈമൺ പറഞ്ഞു. 

ഇത്തവണ ഭാഗ്യം പരീക്ഷിക്കുന്നതിന് ടിക്കറ്റ് എടുത്തില്ലേ എന്നു ചോദിച്ചപ്പോൾ ആളുകൾ എന്നെ കൊല്ലുമെന്നായിരുന്നു സൈമന്റെ രസകരമായ മറുപടി. തിങ്കളാഴ്ച നടത്തിയ നറുക്കെടുപ്പിൽ മുഴുവൻ സമ്മാനങ്ങളും സ്വന്തമാക്കിയത് ഇന്ത്യക്കാർ ആണ്. ഇതിൽ തന്നെ ഭൂരിപക്ഷവും മലയാളികൾ ആയിരുന്നു.

ജൂലൈ എട്ടിന് എടുത്ത ടിക്കറ്റാണ് സൈമണ് ഭാഗ്യം കൈവന്നത്. ഫോണിൽ വിളിച്ച് അധികൃതർ വിവരം പറഞ്ഞെങ്കിലും ആദ്യം സൈമൺ വിശ്വസിച്ചില്ല. സൈമണിന്റെ നിസംഗമായ പ്രതികരണം കേട്ട് ലോട്ടറി അധികൃതർക്കും വിശ്വാസം വന്നില്ല. അവർ തന്നെ വീണ്ടും അദ്ദേഹത്തോട് ഉറപ്പായും താങ്കൾക്കാണ് ലോട്ടറി അടിച്ചിരിക്കുന്നത്. ഇത് വിശ്വസിക്കാം എന്നു പറഞ്ഞപ്പോഴാണ് സൈമണും വിശ്വസിച്ചത്. 

ഖിസൈസിലെ കട വിപുലപ്പെടുത്തുക, ബിസിനസ് വിപുലപ്പെടുത്തുക എന്നതാണ് ആഗ്രഹം. ഓൺലൈൻ വഴി വാങ്ങിയ 041614 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. ഇത്രയും തുക സമ്മാനമായി ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സൈമൺ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ഒൻപത് വർഷമായി അജ്മാനിൽ താമസിക്കുന്ന ജോർജ് മാത്യുവും ഭാര്യ ഫെമിനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് 23 കോടിയിലധികം രൂപയുടെ ഭാഗ്യം കൊണ്ടുവന്നത്. ഭാര്യയ്ക്കൊപ്പം ആശുപത്രിയിൽ പോയപ്പോഴാണ് സന്തോഷ വാർത്ത അറിഞ്ഞത്. യുഎഇയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കൽ സ്വദേശി കൃഷ്ണരാജ്,  എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശി സതീഷ് എന്നിവർ ചേർന്നാണ് കഴിഞ്ഞ മാസം 30ന് ഒാൺലൈനിലൂടെ കൂപ്പണെടുത്തത്. 

ആയിരം ദിർഹമിന്റെ കൂപ്പണിന് എല്ലാവരും തുല്യമായി പണം നൽകി. നേരത്തെ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ഇവർ. പിന്നീട് പലരുടേയും കുടുംബം നാട്ടിൽ നിന്നു വന്നതോടെ താമസം പലവഴിക്കായി. എങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി സുഹൃദ് ബന്ധം തുടരുന്ന ആറംഗ സംഘം മാസങ്ങളായി നറുക്കെടുപ്പിൽ പങ്കെടുത്തുവരികയായിരുന്നു. അടുത്തിടെ കുറച്ച് സാമ്പത്തിക പ്രതിസന്ധി വന്നതിനാൽ ഇത്തവണത്തെ നറുക്കെടുപ്പിൽ നിന്ന് തന്നെ ഒഴിവാക്കാൻ ജോർജ് മാത്യു സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ സമ്മതിച്ചില്ല. തുടർന്ന് മാത്യുവിന്റെ പേരിൽ ടിക്കറ്റ് എടുക്കുകയായിരുന്നു. ആ ടിക്കറ്റിനു തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ ഭാഗ്യവും.

MORE IN GULF
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.