ഇത് പിറക്കാനിരിക്കുന്ന കുഞ്ഞ് തന്ന ഭാഗ്യം; 23 കോടി നേടിയ മലയാളിക്ക് പറയാനുള്ളത്

abu-dhabi-raffle-friends.jpg3
ജോർജ് മാത്യുവും കോടീശ്വരന്മാരായ കൂട്ടുകാരും. ഇടതുനിന്ന് ലിജോ, റിജേഷ്, ജോർജ് മാത്യു, കൃഷ്ണരാജ്, സതീഷ്
SHARE

പിറക്കാൻ പോകുന്ന കുഞ്ഞാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്ന് ഉറച്ചുവിശ്വസിക്കുന്നു, അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 23 കോടിയിലേറെ രൂപ (12 ദശലക്ഷം ദിർഹം) സമ്മാനം നേടിയ തൊടുപുഴ സ്വദേശി ജോർജ് മാത്യു പറയുന്നു. പിന്നെ, തന്നെ നിർബന്ധിച്ച് നറുക്കെടുപ്പിൽ പങ്കെടുപ്പിച്ച കൂട്ടുകാരുടെ സ്നേഹവും. സമ്മാനത്തുകയിൽ നിന്ന് നല്ലൊരു സംഖ്യ കേരളത്തിലെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യുമെന്ന് ജോർജ് മാത്യു പറഞ്ഞു. തുക എത്രയാണെന്ന് എല്ലാവരും ചേർന്ന് പിന്നീട് തീരുമാനിക്കും. 

കഴിഞ്ഞ ഒൻപത് വർഷമായി അജ്മാനിൽ താമസിക്കുന്ന ജോർജ് മാത്യുവും ഭാര്യ ഫെമിനയും തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ പ്രതീക്ഷിച്ചിരിക്കുകയാണ്. ഗർഭിണിയായ ഭാര്യയെ തിങ്കളാഴ്ച രാവിലെ ഡോക്ടറെ കാണിക്കാൻ വേണ്ടി ക്ലിനിക്കിൽ കൊണ്ടുചെന്നപ്പോഴായിരുന്നു ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ ലഭിച്ചത്. നറുക്കെടുപ്പ് ഇന്നാണെന്ന് അറിഞ്ഞിരുന്നതിനാൽ സമ്മാനം നേടിയെന്ന് കേട്ടപ്പോൾ പറ്റിക്കാനുള്ള വിളിയാണെന്ന് സംശയിച്ചില്ല. എങ്കിലും ഭാര്യയുടെ പരിശോധനകൾ സംബന്ധമായ തിരക്കിൽപ്പെട്ടതിനാൽ സമ്മാനം ഉറപ്പുവരുത്താനും സാധിച്ചില്ല. പിന്നീട്, താൻ പ്രഡക് ഷൻ ഒാഫീസറായി ജോലി സ്ഥലമായ ഡിഎെപിയിലെ ഗൾഫ് ന്യൂസ് പ്രിന്റിങ് പ്രസിൽ നിന്നും ഫോൺ കോളെത്തിയപ്പോൾ സംഭവം സത്യമാണെന്ന് ഏതാണ്ട് ഉറപ്പിച്ചു.

യുഎഇയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന കോട്ടയം സ്വദേശി ലിജോ, കോട്ടയ്ക്കൽ സ്വദേശി കൃഷ്ണരാജ്,  എറണാകുളം സ്വദേശി ദിലീപ്, മലപ്പുറം സ്വദേശി റിജേഷ്, തിരുവനന്തപുരം സ്വദേശി സതീഷ് എന്നിവർ ചേർന്നാണ് കഴിഞ്ഞ മാസം 30ന് ഒാൺലൈനിലൂടെ കൂപ്പണെടുത്തത്. ആയിരം ദിർഹമിന്റെ കൂപ്പണിന് എല്ലാവരും തുല്യമായി പണം നൽകി. നേരത്തെ ഒന്നിച്ച് താമസിച്ചിരുന്നവരാണ് ഇവർ. പിന്നീട് പലരുടേയും കുടുംബം നാട്ടിൽ നിന്ന് വന്നതോടെ താമസം പലവഴിക്കായി. എങ്കിലും കഴിഞ്ഞ ഒൻപത് വർഷമായി സുഹൃദ് ബന്ധം തുടരുന്ന ആറംഗ സംഘം മാസങ്ങളായി നറുക്കെടുപ്പിൽ പങ്കെടുത്തുവരികയായിരുന്നു. അടുത്തിടെ കുറച്ച് സാമ്പത്തിക പ്രതിസന്ധി വന്നതിനാൽ ഇത്തവണത്തെ നറുക്കെടുപ്പിൽ നിന്ന് തന്നെ ഒഴിവാക്കാൻ ജോർജ് മാത്യു സുഹൃത്തുക്കളോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ സമ്മതിച്ചില്ല.

നറുക്കെടുപ്പ് തത്സമയം കണ്ടുകൊണ്ടിരുന്ന കൂട്ടുകാരാണ് നമ്പർ പരിശോധിച്ച് സമ്മാനം ഉറപ്പുവരുത്തിയത്. മിക്കവരും ജോലി സ്ഥലത്തായതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം കരാമയിലാണ് എല്ലാവരും കണ്ടുമുട്ടിയത്. അപ്പോഴേയ്ക്കും ജോർജ് മാത്യുവിന്റെ ഫോണിൽ ഇരുനൂറോളം വിളികളെത്തിക്കഴിഞ്ഞിരുന്നു. പണം എന്തു ചെയ്യണമെന്ന് തങ്ങൾ കൂട്ടായി ആലോചിച്ചു തീരുമാനിക്കുമെന്ന് ജോർജ് മാത്യു മനോരമ ഒാൺലൈനിനോട് പറഞ്ഞു.

MORE IN GULF
SHOW MORE