സൈബർ കുറ്റകൃത്യങ്ങൾ; ശിക്ഷ കർശനമാക്കി യുഎഇ

cyber-crime-kuwait
SHARE

സൈബർ കുറ്റകൃത്യങ്ങളിൽ ശിക്ഷ കർശനമാക്കി യു.എ.ഇ, സൈബർ നിയമത്തിൽ ഭേദഗതി വരുത്തി. ഭീകരസംഘടനകളുടെ ആശയം കൈമാറുന്നത് തടയിടുന്ന നിയമത്തിലും ഭേദഗതി വരുത്തിയിട്ടുണ്ട്. രാജ്യതാൽപര്യത്തിനു വിരുദ്ധമായി തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും കടുത്തശിക്ഷ ലഭിക്കുന്ന കുറ്റമായിരിക്കും.

രണ്ടായിരത്തിപന്ത്രണ്ടിലെ അഞ്ചാം നമ്പർ ഫെഡറൽ ഉത്തരവ് പ്രകാരമുള്ള സൈബർ കുറ്റകൃത്യനിയമം 26,28,42 വകുപ്പുകളാണ് പരിഷ്കരിച്ചത്. ഭീകരസംഘടനകൾ, നിയമവിധേയമല്ലാത്ത അസോസിയേഷനുകൾ എന്നിവയുമായും അവയുടെ നേതാക്കളുമായും ആശയവിനിമയം നടത്തുകയോ ഇതിനായി ധനസമാഹരണം നടത്തുകയോ ചെയ്യുന്നത് ഇരുപത്തിയാറാം വകുപ്പ് പ്രകാരം കുറ്റമായിരിക്കും. 

ഭീകരപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളുടെ നിർമാണവിവരങ്ങളുടെ പ്രചാരണം, ഭീകരസംഘടനകളിലേക്ക് ആകർഷിക്കുന്ന തരത്തിലുള്ള പ്രചാരണം എന്നിവ നടത്തിയാൽ അഴി എണ്ണേണ്ടിവരും. കുറഞ്ഞത് പത്തുവർഷവും കൂടിയത് 25 വർഷം വരെയുമാണ് തടവുശിക്ഷ. നാൽപതുലക്ഷം ദിർഹംവരെ പിഴയുമുണ്ടാകും. സൈബർ ഇടങ്ങളിൽ വ്യക്തിഹത്യ, അപകീർത്തിപ്പെടുത്തൽ എന്നിവയ്ക്ക് അഞ്ചുവർഷം വരെ തടവും പത്തുലക്ഷം ദിർഹം വരെ പിഴയും ശിക്ഷ ലഭിക്കും. 

രാജ്യതാൽപര്യത്തിനും സുരക്ഷയ്ക്കും വിരുദ്ധമായി വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയുന്ന വകുപ്പും പരിഷ്കരിച്ചു. ക്രമസമാധാനം തകർക്കുന്ന രീതിയിൽ കാർട്ടൂണുകൾ, ചിത്രങ്ങൾ എന്നിവ പ്രചരിപ്പിച്ചാലും ശിക്ഷയുണ്ടാകും.

യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനാണ് സൈബർ നിയമഭേദഗതി ചെയ്തത്.

MORE IN GULF
SHOW MORE