കാനഡയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ ക്രൂഡ് ഓയിൽ വിപണിയെ ബാധിക്കില്ലെന്ന് സൗദി

saudi-oil-t
SHARE

കാനഡയുമായുള്ള നയതന്ത്ര പ്രശ്നങ്ങൾ ക്രൂഡ് ഓയിൽ വിപണിയെ ബാധിക്കില്ലെന്ന് സൗദി അറേബ്യ. സൌദി അരാംകോ വഴി കാനഡയിലേക്കുള്ള എണ്ണകയറ്റുമതി തുടരുന്നതായി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. അതേസമയം, പ്രസ്താവന പിൻവലിക്കും വരെ വ്യാപാരബന്ധം പുനസ്ഥാപിക്കില്ലെന്ന് സൌദി വ്യക്തമാക്കി. 

പ്രതിദിനം എഴുപതിനായിരം ബാരല്‍ എണ്ണയാണ് സൌദി കാനഡയിലേക്ക് കയറ്റി അയക്കുന്നത്. സൌദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൌദി അരാംകോയും ഉപഭോക്താക്കളുമായുള്ള ബന്ധത്തിന് നിലവിലെ രാഷ്ട്രീയപ്രശ്നങ്ങൾ തടസമാവില്ലെന്ന് ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. എന്നാൽ, മറ്റു വ്യാപാരകരാറുകൾ മരവിപ്പിച്ച നടപടി പിൻവലിക്കാറായിട്ടില്ലെന്നാണ് സൌദിയുടെ നിലപാട്. കാനഡ പ്രസ്താവന പിന്‍വലിക്കാതെ ചർച്ചയ്ക്കു തയ്യാറല്ലെന്ന് സൌദി വിദേശകാര്യമന്ത്രി അദെല്‍ അല്‍ അല്‍ ജുബയ്ര് വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിന് ജര്‍മനിയുടെയും സ്വീഡന്റെയും സഹായം കാനഡ തേടി. നേരത്തെ യുഎഇ, യുകെ തുടങ്ങിയ രാജ്യങ്ങളോട് പ്രശ്‌നത്തില്‍ ഇടപെടണമെന്ന് കാനഡ ആവശ്യപ്പെട്ടിരുന്നു. 

കാനഡയ്‌ക്കെതിരെയുള്ള നടപടിയെ ഗൾഫ് രാജ്യങ്ങളിലധികവും പിന്തുണച്ചിട്ടുണ്ട്. സൌദി സർക്കാരിനെതിരായ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അറസ്റ്റിലായ വനിതാ മനുഷ്യവകാശ പ്രവര്‍ത്തകരായ സമര്‍ ബാദാവി, നസീമ അല്‍ സാദാ എന്നിവരെ വിട്ടയക്കണമെന്ന കനേഡിയൻ എംബസിയുടേയും വിദേശകാര്യമന്ത്രാലയത്തിന്റേയും നിർദേശമാണ് സൌദിയെ ചൊടിപ്പിച്ചത്. തുടർന്നാണ് ഈ മാസം അഞ്ചിന് വ്യാപാരബന്ധം മരവിപ്പിച്ചത്.

MORE IN GULF
SHOW MORE