ചൈനീസ് പ്രസിഡന്റിന് യുഎഇയിൽ ഊഷ്മള സ്വീകരണം

മൂന്നുദിവസത്തെ സന്ദർശനത്തിനായി യു.എ.ഇയിലെത്തിയ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങിന് ഊഷ്മള സ്വീകരണം. യു.എ.ഇയുടെ ഏറ്റവുംവലിയ വ്യാപാരപങ്കാളിയായ ചൈനയുടെ ഭരണത്തലവന്റെ വരവിലൂടെ വിവിധമേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. ഊർജം, കൃഷി, സാമ്പത്തികസഹകരണം ഉൾപ്പെടെയുള്ള മേഖലകളിൽ ഇരു രാജ്യങ്ങളുടേയും ഭരണത്തലവൻമാർ ചർച്ച നടത്തും.

അഞ്ച് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളുടെ സന്ദർശനത്തിന്റെ തുടക്കമായാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ യു.എ.ഇ സന്ദർശനം. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമായും ചൈനീസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. 

ഊർജം, കൃഷി, ധനകാര്യം, സാംസ്കാരികം, വിദ്യാഭ്യാസം, വ്യവസായം, നിർമാണം, ടൂറിസം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം.  മധ്യപൂർവദേശത്തേക്കുള്ള വാതായനമായ യുഎഇയിലൂടെ രാജ്യാന്തര വിപണിയിൽ കൂടുതൽ സാധ്യതകൾ ഉറപ്പിക്കാനാകുമെന്നു ചൈനീസ് ബിസിനസ് കൌൺസിൽ  വിലയിരുത്തുന്നു.

ചൈനയുടെ സ്വപ്ന പദ്ധതിയായ സിൽക്ക് പാതയിൽ പങ്കാളിയാകാൻ മധ്യപൂർവദേശത്ത് ആദ്യം സന്നദ്ധത അറിയിച്ച രാജ്യമാണ് യുഎഇ. യുഎഇ നേതാക്കളുമായുള്ള ചൈനീസ് പ്രസിഡന്റിന്റെ കൂടിക്കാഴ്ചയിൽ ഇക്കാര്യവും ചർച്ചയായേക്കും. അതേസമയം, പ്രതിരോധം, ബഹിരാകാശം ഉൾപ്പെടെ തന്ത്രപ്രധാനമേഖലകളിൽ ഇന്ത്യ..യു.എ.ഇ ബന്ധം ശക്തമായ പശ്ചാത്തലത്തിലാണ് വ്യവസായം ഉൾപ്പെടെ മറ്റ് മേഖലകളിൽ ചൈന സഹകരണം ശക്തമാക്കാനൊരുങ്ങുന്നത്.