സഹകരണം ശക്തമാക്കി ഇന്ത്യയും ഒമാനും

india-oman
SHARE

വാണിജ്യവ്യവസായ രംഗത്ത് സഹകരണം ശക്തമാക്കി ഇന്ത്യയും ഒമാനും. കേന്ദ്രവാണിജ്യവ്യവസായ മന്ത്രി സുരേഷ് പ്രഭുവിന്റെ ഒമാനിലെ സന്ദർശനത്തിനിടെ വിവിധമേഖലകളിൽ സഹകരണം ശക്തമാക്കിയുള്ള കരാറുകളിൽ ഒപ്പുവച്ചു. പ്രത്യേക സാമ്പത്തിക മേഖലയായ ദുഖമിൽ ഇന്ത്യൻ കമ്പനികൾക്കു വൻ അവസരങ്ങൾ ഒരുക്കാൻ തയ്യാറെന്ന് ഒമാൻ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒമാൻ സന്ദർശനത്തിന്റെ തുടർനടപടികൾക്കായാണ് കേന്ദ്രമന്ത്രി മസ്കത്തിലെത്തിയത്. ഒമാൻ വാണിജ്യ,വ്യവസായ മന്ത്രി ഡോക്ടർ അലി ബിൻ മസൂദ് അൽ സുനൈദി, ടൂറിസം മന്ത്രി അഹ്മദ് ബിൻ നാസർ അൽ മഹ്‌റസി എന്നിവരുമായി സുരേഷ് പ്രഭു കൂടിക്കാഴ്ച നടത്തി. പെട്രോ കെമിക്കൽ, സ്റ്റീൽ, ഖനനം, ഭക്ഷ്യ വ്യവസായം തുടങ്ങിയവയിൽ നിക്ഷേപത്തിന് ഇന്ത്യൻ കമ്പനികൾ മുന്നോട്ടുവരണമെന്നും സംയുക്ത സംരംഭങ്ങൾക്കും  ഇന്ത്യൻ സംരംഭകർക്കു നൂറു ശതമാനം നിക്ഷേപത്തിനും അവസരങ്ങളുണ്ടെന്നും ഡോക്ടർ അലി ബിൻ മസൂദ് അൽ സുനൈദി വ്യക്തമാക്കി. ഇന്ത്യയുടെ സഹകരണത്തോടെ ഇലക്ട്രോണിക്സ്, സോഫ്റ്റ് വെയർ രംഗങ്ങളിലുൾപ്പെടെ പുതിയ സംരംഭങ്ങൾക്ക് ഒമാൻ  തുടക്കം കുറിക്കും. വിവരസാങ്കേതിക-വാർത്താവിനിമയ മേഖലകളിൽ സഹകരണം ശക്തമാക്കാനും തീരുമാനമായി. 

ഇന്ത്യയിൽ നിന്ന്​ ഒമാനിലേക്കുള്ള പഴം, പച്ചക്കറി കയറ്റുമതി സുഗമമാക്കുന്നതിന്റെ മാർഗങ്ങളും യോഗത്തിൽ ചർച്ചയായി. ബഹിരാകാശം, പുനരുപയോഗ ഊർജം, ചെറുകിട സംരംഭങ്ങൾ, സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യസുരക്ഷ, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലെ സഹകരണവും മന്ത്രിമാർ വിലയിരുത്തി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക്​ നേരിട്ടുള്ള കൂടുതൽ  വിമാന സർവീസുകൾ ആരംഭിക്കുന്നത്​ സംബന്ധിച്ച ചർച്ചകൾ ഈ വർഷം അവസാനത്തോടെയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ് പ്രഭു അറിയിച്ചു. 

MORE IN GULF
SHOW MORE