ഷാർജയിലെ പൊതുശ്മശാനത്തിൽ നിശബ്ദ കാവലാളായി മലയാളികൾ

sharjah-tomb
SHARE

ഷാർജ: നിത്യ നിദ്രയിലായവർക്ക് നിശബ്ദ സേവനവുമായി നാല് മലയാളികളടക്കം ആറ് ഇന്ത്യക്കാർ. ഷാർജ വ്യവസായ മേഖല ആറിലെ പൊതുശ്മശാനത്തിന്റെ ചുമതലക്കാരായി ജോലി ചെയ്യുന്ന ഇവർ ഏത് സമയത്തും വിളിപ്പുറത്തുണ്ട്.  

കോഴിക്കോട് കുറ്റ്യാടി സ്വദേശി ടി.പി. അമ്മദ് (62) ആണ് ആറംഗ സംഘത്തിലെ ഏറ്റവും മുതിർന്നയാൾ. ഇദ്ദേഹം കഴിഞ്ഞ 30 വർഷമായി ഇതേ ശ്മശാനത്തിൽ ഖബർ കുഴിക്കുന്ന ജോലി ചെയ്യുന്നു. പാലക്കാട് പെരിന്തൽമണ്ണ തൂത്ത സ്വദേശി ഹസൈനാർ, കരിങ്കൽത്താണി സ്വദേശി സലീം, മലപ്പുറം തിരൂർ സ്വദേശി മഹ് റൂഫ്, ആന്ധ്രപ്രദേശ് സ്വദേശി അഫ് സർ, ചെന്നൈ സ്വദേശി നൈന മുഹമ്മദ് എന്നിവരാണ് മറ്റു കുഴിവെട്ടുകാർ. ഇവരിൽ മിക്കവരും പത്ത് വർഷത്തോളമായി ഇൗ പൊതുശ്മാശനത്തിൽ അടക്കം ചെയ്തവരുടെ അരികിൽ ഉണ്ട്. 

മുസ്ലിം, ക്രിസ്ത്യൻ മത വിശ്വാസികളുടെ മൃതദേഹങ്ങളാണ് ഒരു മതിലിന്റെ വേർതിരിവിൽ ഏക്കർ കണക്കിന് സ്ഥലത്ത് വെവ്വേറെ അടക്കം ചെയ്യുന്നത്. ഹിന്ദുക്കളുടെ മൃതദേഹങ്ങൾ സജയിലെ ഇലക്ട്രിക്കൽ ശ്മശാനത്തിൽ കത്തിക്കുന്നു. രാവിലെ ഒൻപത് മുതൽ രാത്രി വൈകും വരെ മൃതദേഹങ്ങളെത്തിക്കൊണ്ടിരിക്കും. കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ എന്നിവരുടേത്. നിത്യേന ഏഴോളം മൃതദേഹങ്ങളാണ് ഇങ്ങനെ എത്തുന്നത്. ആദ്യകാലത്ത് ഇത് രണ്ടോ മൂന്നോ ആയിരുന്നു. 

നാൾക്കുനാൾ മരണസംഖ്യം വർധിച്ചുവരുന്നു. ഒരു മീറ്റർ ആഴത്തിലുള്ള രണ്ട് കുഴികൾ നേരത്തെ തയ്യാറാക്കി വയ്ക്കും. മൃതദേഹങ്ങളെത്തിയാൽ ജോലി സമയമോ മറ്റോ നോക്കാതെ കർമങ്ങളിൽ മുഴുകും. സൗജന്യ സേവനമാണ് ഇവിടെ മരിച്ചവരുടെ ബന്ധുക്കൾക്ക് ലഭിക്കുക. യുഎഇ സുപ്രീം കൌൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക നിർദേശപ്രകാരമാണിത്.  

ദുബായ് മുൻസിപാലിറ്റി നൽകുന്ന മാസ ശമ്പളം മാത്രമാണ് കുഴിവെട്ടുകാരുടെ വരുമാനം. എന്നാൽ, മൃതദേഹങ്ങളോടൊപ്പമെത്തുന്നവരിൽ ചിലർ എന്തെങ്കിലും നൽകും. അതു കിട്ടിയാലും ഇല്ലെങ്കിലും ആറംഗ സംഘം സന്തോഷവാന്മാരാണ്. ഇവർക്ക് ആഴ്ചയിൽ അവധിയില്ലെങ്കിലും മൃതദേഹങ്ങളെത്താത്ത സമയത്ത് വിശ്രമിക്കാം. ക്രിസ്ത്യൻ ശ്മശാനത്തിനടുത്തുള്ള ചെറിയൊരു വില്ലയിലാണ് ഇവരുടെ താമസം. രണ്ടുവർഷം കൂടുമ്പോൾ വേതനത്തോടു കൂടി 44 ദിവസം അവധി ലഭിക്കും. 

സ്വദേശികളുടെയും അറബ് വംശജരുടേയും പാക്കിസ്ഥാനികളുടെയും മൃതദേഹങ്ങളാണ് കൂടുതലും എത്താറ്. മലയാളികൾ മിക്കവരും ഇവിടെ മരിക്കുന്ന ബന്ധുക്കളുടെ മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകും. ക്രിസ്ത്യൻ ശ്മശാനത്തില്‍ യൂറോപ്പുകാരുടെയും ആഫ്രിക്കൻ രാജ്യക്കാരുടെയും മൃതദേഹങ്ങളാണ് എത്താറുള്ളതെന്ന് അമ്മദ് പറഞ്ഞു. 

സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധ പതിയാതെ..

ആറ് പേരും യാതൊരു പരാതിയോ പരിഭവമോ ഇല്ലാതെയാണ് വർഷങ്ങളായി ഇവിടെ കഴിയുന്നത്. റമസാനിൽ ലേബർ ക്യാംപുകളിൽ നോമ്പുതുറ വിഭവങ്ങളെത്തിക്കുന്ന  ജീവകാരുണ്യ–സാമൂഹിക പ്രവർത്തകരുടെ ശ്രദ്ധയിൽ ഇവർ പെട്ടിട്ടില്ല. നോമ്പനുഷ്ഠിച്ചും ജോലി ചെയ്യാറുള്ള ആറ് പേരും ഭക്ഷണം സ്വയം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് ഭക്ഷണ വിഭവങ്ങളെത്തിക്കാൻ താത്പര്യമുള്ളവർ 050–8685663 (ഹസൈനാർ) എന്ന നമ്പരിൽ ബന്ധപ്പെടുക.

മൂന്ന് പതിറ്റാണ്ടിന്റെ സേവനം; മടങ്ങുമ്പോൾ അമ്മദിനെ വലയ്ക്കുന്നത് നാട്ടിലെ കടബാധ്യതകൾ 

മൂന്ന് പതിറ്റാണ്ടിന്റെ ഷാർജ പൊതുശ്മശാനത്തിലെ ഖബർ കുഴിക്കുന്ന ജോലി മതിയാക്കി കുറ്റ്യാടി സ്വദേശി ടി.പി.അമ്മദ് നാട്ടിലേയ്ക്ക് മടങ്ങുകയാണ്. ഒാഗസ്റ്റ് രണ്ടിന് ജോലി അവസാനിപ്പിക്കാൻ ദുബായ് മുനിസിപാലിറ്റി അധികൃതർ നിർദേശിച്ചുകഴിഞ്ഞു. നാട്ടിൽ ഭാര്യയോടും മക്കളോടുമൊപ്പം ജീവിക്കാമെന്ന സന്തോഷം മനസിലുണ്ടെങ്കിലും കുറേ സാമ്പത്തിക ബാധ്യതകൾ ഇനിയും തീർക്കാനുള്ളതിനാൽ ആശങ്കയുമുണ്ട്. 

1987ലാണ് ഇദ്ദേഹം യുഎഇയിലെത്തിയത്. ആദ്യമായി ജോലി ലഭിച്ചത് ഷാർജ മുനിസിപാലിറ്റിയുടെ കീഴിലുള്ള ഇൗ പൊതുശ്മശാനത്തിൽ. അന്നുമുതൽ ഇവിടെ നിശബ്ദസേവനവുമായി ഇദ്ദേഹമുണ്ട്. ഇതിനിടെ മലയാളികളടക്കം ഒട്ടേറെ ജോലിക്കാർ വന്നുപോയെങ്കിലും. രണ്ട് പെൺമക്കളും രണ്ട് ആൺമക്കളുമടക്കം നാല് മക്കളാണ് ഇദ്ദേഹത്തിന്. രണ്ടാമത്തെ മകളുടെ വിവാഹം അടുത്തിടെ കഴിഞ്ഞു. അതുവഴിയുണ്ടായ കടബാധ്യതകൾ കുറേ തീർക്കാനുണ്ട്. നാട്ടിൽ പോയാൽ ഇതു തീർക്കാൻ ബുദ്ധിമുട്ടാണെന്നും ഒരു വർഷം കൂടി കാലാവധി നീട്ടിക്കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നുമാണ് ആഗ്രഹിക്കുന്നത്. അമ്മദിനെ സഹായിക്കാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക: 00971 56 4582838.

BANK DETAILS: 

T.P.AMMAD

A/c No.: 1384103020429.

CANARA BANK

THOTTIPALAM 1384

KERALA.

MORE IN GULF
SHOW MORE