കല്യാണത്തിനു പോരുന്നോ? കൂടെ ഫൈനലും കാണാം; ഞെട്ടിച്ച് ദുബായിലെ മലയാളി കുടുംബം

representational-image
SHARE

കാൽപന്ത് കളിയോട് പൊതുവെ ഒരു ഇഷ്ടകൂടുതൽ ഉണ്ട് മലയാളിയ്ക്ക്. ആർപ്പുവിളിച്ചും ആരവങ്ങൾ ഉയർത്തിയും ഫുട്ബോൾ മാമാങ്കത്തെ ആഷോഘരാവാക്കുകയാണ് മലയാളി കൂട്ടം. പ്രവാസി മലയാളികളും ഫുട്ബോൾ ആഘോഷങ്ങൾക്ക് ഒട്ടും പിറകിലല്ല. മകന്റെ വിവാഹത്തലേന്ന് വരുന്നവർക്ക് വലിയ സ്ക്രീനിൽ ലോകകപ്പ് കാണാന്‍ അവസരം ഒരുക്കിയാണ് പ്രവാസി മലയാളി കോഴഞ്ചേരി തെക്കേമല അട്ടത്തറ ജോൺസ് വില്ല മാത്യൂസ് ജോണും കുടുംബാംഗങ്ങളും ഞെട്ടിച്ചത്.  ദുബായ് ഗർഹൂദ് നാസാ വില്ലയിൽ താമസിക്കുന്ന മാത്യൂസ് ജോണിന്റെയും സൂസന്റെയും മകൻ ജയ്സണും കായംകുളം അമ്പികുളങ്ങര ജോണിന്റെയും ജിജിമോളുടെയും മകൾ ജനി റേയ്ച്ചലുമാണ് നാളെ വിവാഹിതരാകുന്നത്. നാളെ വൈകിട്ട് നാലിനാണ് ദുബായ് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിവാഹം. ഇന്ന് വൈകിട്ട് നാസാ വില്ലാ സമുച്ചയത്തിലാണു വരന്റെ പിതാവ് മാത്യൂസ് മംഗളകർമങ്ങൾക്കൊപ്പം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഫുട്ബോൾ വിരുന്നും ഒരുക്കുന്നത്.

"ഫുട്ബോളില്ലാതെ എന്ത് ആഘോഷം " എന്ന് ദുബായിലെ വ്യവസായിയായ മാത്യൂസ് ജോൺ ചോദിക്കുന്നു. മൂന്ന് ആൺമക്കളിൽ രണ്ടുപേരും ഫുട്ബോൾ കളിക്കാർ. വരൻ ജയ്സണും ഇളയമകൻ ജോയലും പ്രാദേശിക തലത്തിൽ ഫുട്ബോൾ കളിക്കുന്നവരാണ്. മാത്യൂസിനു ഇടയ്ക്ക് യാത്രവന്നതിനാൽ ലോകകപ്പ് ഫുട്ബോൾ മൽസരങ്ങളുടെ ലൈവ് കാണാൻ കഴിഞ്ഞില്ലെങ്കിലും ജയ്സൺ ഒരു കളിയും വിട്ടില്ല. ലോകകപ്പും വിവാഹവും ഒന്നിച്ചുവന്നപ്പോൾ ഒരാശയകുഴപ്പവുമുണ്ടായില്ല. രണ്ടും മംഗളമായി നടക്കട്ടെ.... അതിഥികളും ബന്ധുക്കളും വീട്ടിലുള്ളവരെല്ലാവരുംകൂടിയാകുമ്പോൾ നൂറ്റമ്പതുപേരെങ്കിലുമുണ്ടാകുമെന്നു കുടുംബനാഥൻ പ്രതീക്ഷിക്കുന്നു. സുഹൃത്തുക്കൾ ഉൾപ്പെട്ട ഗ്രൂപ്പിലെല്ലാം കിടിലൻ ചർച്ചയും സൗഹൃദ വാതുവയ്പുമാണ്. മീശവടിക്കുക, സമ്മാനം നൽകുക തുടങ്ങിയ വാശിയേറിയ ഇനങ്ങളും ഇക്കൂട്ടത്തിലുണ്ട്.

മാത്യൂസും മകനും ഇപ്പോൾ ഫ്രാൻസിന്റെ ആരാധകരാണ്. എന്നാൽ ഇതിനു മുൻപ് ബ്രസീൽ ആയിരുന്നു. പക്ഷേ യഥാർഥത്തിൽ താൻ ജർമനി ഫാനായിരുന്നെന്ന് മാത്യൂസ് പറയുന്നു. കഴിഞ്ഞ മുപ്പതുവർഷമായി എല്ലാ മാസവും ഒത്തുകൂടന്ന 24 കുടുംബങ്ങൾ അടങ്ങുന്ന സൗഹൃദ സംഘമാണ് ഇന്ന് രാത്രി ഫുട്ബോൾ ആവേശത്തിനു കൊഴുപ്പ് നൽകുന്നത്. കൂടാതെ, നാട്ടിൽനിന്നു വന്ന ബന്ധുക്കളും സുഹൃത്തുക്കളുമുണ്ട്. കല്യാണത്തലേന്നു വീടൊരു ആവേശത്തിന്റെ ഫുട്ബോൾ മൈതാനമാക്കാനാണു ശ്രമം. ക്രൊയേഷ്യയും ഫ്രാൻസും കിടിലൻ പോരാട്ടം കാഴ്ചവയ്ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. വമ്പൻ സ്ക്രീനിൽ ഫുട്ബോൾ മാമാങ്കം അരങ്ങുതകർക്കുമ്പോൾ വിവാഹതലേരാത്രിയിലെ ആഘോഷങ്ങളുടെയും ആവേശം ചോരരുതെന്ന നിർബന്ധവും മാത്യൂസിനുണ്ട്. വരനെ ഒരുക്കുന്ന ചന്തം ചാർത്തൽ എന്ന ചടങ്ങ് ഗംഭീരമാക്കാനാണു ശ്രമം. 

MORE IN GULF
SHOW MORE