ദുബായില്‍ എമിഗ്രേഷന്‍ ഒാഫിസര്‍ ചമഞ്ഞ് തട്ടിപ്പ്; യുവതിയില്‍ നിന്നും പണം തട്ടി

dubai-cheating
representative image
SHARE

ദുബായ് ∙ എമിഗ്രേഷൻ ഓഫിസർ ചമഞ്ഞ് ഇന്ത്യൻ യുവതിയെ കബളിപ്പിക്കുകയും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് പണം തട്ടിയതായി പരാതി. കഴിഞ്ഞ ദിവസമാണ് അബുദാബിയിൽ താമസിക്കുന്ന യുവതിയ്ക്ക് ഫോൺ കോൾ ലഭിച്ചത്. എമിഗ്രേഷൻ ഉദ്യോഗസ്ഥരാണെന്നു പരിചയപ്പെടുത്തിയാണ് ഫോണിലുള്ള വ്യക്തി സംസാരിച്ചത്. യുവതിയുടെ ഫയലിൽ ചില എമിഗ്രേഷൻ രേഖകൾ കുറവുണ്ടെന്നും നാടുകടത്തുകയും ഇന്ത്യയിൽ വച്ച് അറസ്റ്റിലാവുകയും ചെയ്യുമെന്നാണ് വിളിച്ചവർ പറഞ്ഞത്. 

‘ഏതാണ്ട് ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന ഫോൺ കോൾ ആയിരുന്നു അത്. മൂന്നോ നാലോ പുരുഷൻമാർ എന്നോട് സംസാരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ പോലെതന്നെയാണ് അവർ സംസാരിച്ചത്. ഒരു സംശയവും തോന്നിയിരുന്നില്ല. ഞാൻ ശരിക്കും ഭയന്നു. എമിഗ്രേഷൻ നിയമത്തിലെ ആർട്ടിക്കിൾ 18 പ്രകാരം തന്നെ കരിമ്പട്ടികയിൽപ്പെടുത്തിയെന്നാണ് പറഞ്ഞത്. നാടുകടത്തുമെന്നും ഡൽഹിയിൽ എത്തിയാൽ ആർട്ടിക്കിൾ 20 പ്രകാരം അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു’– യുവതി വ്യക്തമാക്കി. 

നാടുകടത്തൽ ഒഴിവാക്കാൻ ഒറ്റവഴിയേ ഉള്ളൂവെന്നും അത് 1800 ദിർഹം (33,565 രൂപ) നൽകി ഇന്ത്യയിൽ നിന്നും ഒരു അഭിഭാഷകൻ മുഖേനെ ഇന്ത്യൻ അധികൃതരിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കൽ ആണെന്നും ഫോൺ ചെയ്തവർ പറഞ്ഞു. ഇതിനുള്ള പണം ഫോൺ ചെയ്തവർ തന്ന നമ്പറിലേക്ക് ഉടൻ തന്നെ അയക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ പണം അവർ സ്വീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്. 

എന്നാൽ, ഇതൊരു തട്ടിപ്പാണെന്നും നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി  നിരവധി ഇന്ത്യക്കാരിൽ നിന്നും ഇത്തരത്തിൽ പണം തട്ടുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. ‘എമിഗ്രേഷൻ അഴിമതിയിൽ’ ആരും അകപ്പെടരുതെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ തൊട്ടടുത്ത നിയമപാലകരുമായി ബന്ധപ്പെടണമെന്നും സ്വകാര്യ വിവരങ്ങൾ ആരുമായും ഫോണിൽ പങ്കുവയ്ക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി

MORE IN GULF
SHOW MORE