ഗതാഗതനിയമം ലംഘിച്ചാൽ യു.എ.ഇയിൽ വാഹനം പിടിച്ചെടുക്കും

traffic-rules
SHARE

യു.എ.ഇയിൽ ഗതാഗതനിയമങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഇരുപത്തിമൂന്ന് നിയമങ്ങൾ ലംഘിക്കുന്നവരുടെ വാഹനങ്ങളായിരിക്കും പിടിച്ചെടുക്കുന്നത്. വാഹനമോടിക്കുന്നവ്യക്തിക്ക് പിഴ,  ഡ്രൈവിങ് ലൈസൻസിൽ ബ്ളാക് മാർക്ക് എന്നിവയ്ക്ക് ശേഷമായിരിക്കും വാഹനം പിടിച്ചെടുക്കുക

പിഴ, ബ്ലാക്ക് മാർക്ക്, വാഹനം പിടിച്ചെടുക്കുക തുടങ്ങിയ ശിക്ഷകൾ ലഭിക്കുന്ന 114 നിയമലംഘനങ്ങളാണ് യു.എ.ഇ ഫെഡറൽ ട്രാഫിക് നിയമത്തിലുള്ളത്. ഇതിൽ 23 നിയമലംഘനങ്ങൾ വാഹനം പിടിച്ചെടുക്കാൻ കാരണമാകുന്ന കേസുകളാണെന്ന് അധികൃതർ വ്യക്തമാക്കി. ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിലും സ്വകാര്യ പൊതുമുതൽ നശിപ്പിക്കുന്ന ട്രാഫിക് കേസുകൾക്കും തൊണ്ണൂറുദിവസം വാഹനം പിടിച്ചെടുക്കണമെന്നാണ് ട്രാഫിക് ചട്ടം. ഡ്രൈവർ മദ്യപിക്കുകയോ മറ്റേതെങ്കിലും ലഹരി ഉപയോഗിച്ചതായോ തെളിഞ്ഞാൽ  അറുപതു ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കാം. 

എതിർദിശയിൽ വാഹനവുമായി പ്രവേശിക്കുക, നിരോധിത മേഖലയിൽ കടക്കുക തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് ഏഴുദിവസം വാഹനം പിടിച്ചെടുക്കാനും ട്രാഫിക് നിയമം നിർദേശിക്കുന്നു. ഇൻഷുറൻസ് രേഖകൾ ഇല്ലാതിരിക്കുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, ലൈസൻസ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാതിരിക്കുക തുടങ്ങിയ കേസുകളിൽ കുടുങ്ങിയാലും ഏഴു ദിവസം വരെ വാഹനം അധികൃതർ  പിടിച്ചെടുക്കും.

അതേസമയം, ട്രാഫിക് കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ ശിക്ഷാ കാലവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാതിരുന്നാൽ പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.  ചെറിയ വാഹനങ്ങൾക്ക് വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും അൻപത് ദിർഹമാണ് പിഴ. ഹെവി വാഹനങ്ങൾ കൊണ്ടു പോകാതിരുന്നാൽ പിഴ ഒരു ദിവസത്തിനു 100 ദിർഹം ആയിരിക്കും. 

MORE IN GULF
SHOW MORE