അമ്മേ, അയാളെന്നെ മോശമായി തൊട്ടു; ദുബായില്‍ പെണ്‍കുട്ടിയുടെ അപൂര്‍വ കത്ത്

dubai-child
SHARE

കുടുംബ സുഹൃത്തിൽ നിന്നുമുണ്ടായ ശാരീരിക പീഡനം രക്ഷിതാക്കളോട് കത്തിലൂടെ തുറന്നു പറഞ്ഞ് പെൺകുട്ടി. സ്കൂൾ പ്രൊജക്ടിന്റെ ഭാഗമായി തയാറാക്കിയ കത്തിലാണ് എട്ടുവയസ്സുള്ള പെൺകുട്ടി തന്റെ ദുരനുഭവം വ്യക്തമാക്കിയതെന്ന് പൊലീസ് പറഞ്ഞു. കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തി ശാരീരികമായി പീഡിപ്പിക്കുകയും ഇക്കാര്യം പുറത്തു പറയാൻ കുട്ടിക്ക് ഭയമായിരുന്നുവെന്നുമാണ് റിപ്പോർട്ട്.

സ്കൂളിൽ പഠനവുമായി ബന്ധപ്പെട്ട പ്രൊജക്ടിൽ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് കത്തെഴുതാൻ ആവശ്യപ്പെട്ടപ്പോഴാണ് എട്ടു വയസ്സുകാരി തന്റെ അനുഭവം തുറന്ന് എഴുതിയതെന്ന് ദുബായ് മനുഷ്യാവകാശ കമ്മിഷന്റെ പരിധിയിലുള്ള കുട്ടികളുടെ അവകാശ കമ്മിഷൻ ഡയറക്ടർ റൗഥ അൽ റസൂഖി പറഞ്ഞു. 

‘അഞ്ചു വയസ്സുമുതൽ കുടുംബവുമായി വളരെ അടുപ്പമുള്ള ഒരാൾ ഉപദ്രവിക്കുന്നുവെന്നാണ് അമ്മയ്ക്ക് എഴുതിയ കത്തിൽ പെൺകുട്ടി പറയുന്നത്. അയാൾ വിവാഹിതനും പ്രായമുള്ള വ്യക്തിയാണ്. കുട്ടികൾ ഇല്ല. ഇയാളെ രക്ഷിതാക്കൾ വിശ്വസിക്കുകയും ചെയ്തു. പെൺകുട്ടി ശുചിമുറിയിൽ പോകുമ്പോൾ പോലും ഇയാൾ ഉപദ്രവിക്കാറുണ്ട്. വീട്ടിൽ വരുമ്പോള്‍ എല്ലാവരും ഉള്ളപ്പോലും മോശമായി ശരീരത്തിൽ സ്പർശിക്കാറുണ്ട്. ഇക്കാര്യങ്ങൾ ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു’– റൗഥ അൽ റസൂഖി വ്യക്തമാക്കി. 

‘അമ്മേ, എന്നോട് ദേഷ്യപ്പെടരുത്. അയാൾ എന്റെ ശരീരത്തിൽ മോശമായി സ്പർശിക്കാറുണ്ടായിരുന്നു’– പെൺകുട്ടി കത്തിൽ എഴുതി. ഇതു കണ്ട അമ്മ ഞെട്ടുകയും എന്തു ചെയ്യണമെന്നു അറിയാതെ നിൽക്കുകയും ചെയ്തു. ഒരു ദിവസം എല്ലാവരും വീട്ടിൽ ഒത്തു ചേർന്ന ദിവസം പ്രതിയായ വ്യക്തി പെൺകുട്ടിയെ വീണ്ടും മോശമായി സ്പർശിച്ചു. കുട്ടി ഇത് പ്രതിരോധിക്കുകയും അമ്മയോട് പറയുകയും ചെയ്തു. ഉടൻ തന്നെ മാതാവ് പൊലീസിനെ വിവരം അറിയിക്കുകയും കേസ് റജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസ് ഇപ്പോൾ പബ്ലിക് പ്രോസിക്യൂഷന് കൈമറി.  

ശരീരത്തിൽ തൊടാൻ ആരെയും അനുവദിക്കരുതെന്ന് രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞു മനസിലാക്കണം. കുട്ടികളെ കൃത്യമായി ശ്രദ്ധിക്കണം. അവരുടെ പെരുമാറ്റത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടോ എന്ന് ശ്രദ്ധിക്കുകയും വേണം. ഇത്തരം പ്രശ്നക്കാരായ വ്യക്തികളെ രക്ഷിതാക്കൾ സ്വയം നേരിടാതെ പൊലീസിൽ വിവരം അറിയിക്കുകയാണ് വേണ്ടത്.’–റൗഥ അൽ റസൂഖി പറഞ്ഞു. 

MORE IN GULF
SHOW MORE