ഇന്ത്യാക്കാരുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായി അബുദാബി

abudabi-tourism-t
SHARE

ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമായി അബുദാബി മാറുന്നു. അഞ്ചു മാസത്തിനിടെ ഇന്ത്യയില്‍ നിന്നെത്തിയത് 1.67 ലക്ഷം സഞ്ചാരികൾ. ഹോട്ടലുകൾ, അപാർട്മെന്റുകൾ എന്നിവിടങ്ങളിലെ താമസക്കാരുടെ എണ്ണവും കൂടി. 

രാജ്യത്തിന്‍റെ സാംസ്കാരിക, പൈതൃകം മുറുകെ പിടിച്ചുള്ള വിനോദ സഞ്ചാരമാണ് അബുദാബിയുടെ ആകര്‍ഷണം. ജനുവരി മുതല്‍ മെയ് വരെയുള്ള കണക്കനുസരിച്ച് ഇവിടെ എത്തിയ മൊത്തം സഞ്ചാരികളുടെ എണ്ണത്തില്‍ 4.9 ശതമാനം വര്‍ധനയുണ്ട്. ഇന്ത്യക്കാര്‍ക്ക് പുറമെ ചൈന, ഇംഗ്ലണ്ട്, അമേരിക്ക, ജര്‍മനി എന്നീ രാജ്യക്കാരും അബുദാബിയെ ഇഷ്ടപ്പെടുന്നവരാണ്. പതിനഞ്ചു ലക്ഷത്തോളം ആഭ്യന്തര സഞ്ചാരികളും അബുദാബിയിലെത്തി. എമിറേറ്റിലെ 163 ഹോട്ടലുകളിലും റിസോര്‍ട്ടിലും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്‍റുകളിലുമായി 31,236 മുറികളാണുള്ളത്. അഞ്ചു മാസത്തിനിടെ ഇരുപത് ലക്ഷത്തിലേറെ അതിഥികള്‍ ഇവിടെ താമസിച്ചു. ആഗോള വിനോദ സഞ്ചാര കേന്ദ്രമായി അബുദാബിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നടപടികള്‍ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ഊര്‍ജിതമാക്കിയതായി അണ്ടര്‍ സെക്രട്ടറി സെയ്ഫ് സഈദ് ഗൊബാഷ് പറഞ്ഞു. അതോടൊപ്പം ലോകോത്തര ബിസിനസ് സംവിധാനവും ഒരുക്കിവരുന്നു. യാസ് ഐലന്‍ഡില്‍ ലോക നിലവാരത്തില്‍ തയ്യാറാക്കിയ വാര്‍ണര്‍ ബ്രോസ് വേള്‍ഡ് റിസോര്‍ട്ട് ഈ മാസം 25ന് ആരംഭിക്കും. സാദിയാത്ത് ഐലന്‍ഡില്‍ സജ്ജമാകുന്ന അത്യാഡംബര റിസോര്‍ട്ട് നവംബറിലും തുറക്കും. ഇവ ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ അബുദാബിയുടെ സ്ഥാനം  ഒന്നുകൂടി ഉയര്‍ത്തുമെന്നും വിനോദസഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. 

MORE IN GULF
SHOW MORE