20 വർഷമായി ഒരേ ബെൽറ്റ് ധരിക്കുന്ന പ്രവാസി; മരണം വരെ സൂക്ഷിക്കുമെന്ന് പറയാൻ കാരണം!

lucky-belt
SHARE

ഇരുപത് ദിർഹം കൊടുത്തു വാങ്ങിയ ബെൽറ്റ് 20 വർഷമായി അരയിൽചുറ്റി ഖുർഷിദ് അഹമ്മദ്. ദുബായ് മദീന മാളിലെ ഒരു സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായ ഇദ്ദേഹം തൻ്റെ മറ്റെല്ലാ സമ്പാദ്യത്തേക്കാളും ഇൗ ബെൽറ്റിനെ സ്നേഹിക്കുന്നു. ഇതറിയാവുന്ന പരിചയക്കാർ ബെൽറ്റ് ഖുർഷിദ് എന്ന് തമാശയ്ക്ക് വിളിക്കുമെങ്കിലും അത് ആസ്വദിക്കുകയാണ് ഇദ്ദേഹം. തൻ്റെ പാന്‍റ്സിനെ മാത്രമല്ല, ജീവിതത്തെ തന്നെ മുറുക്കി നിർത്തുന്ന അനുഭവമാണ് ബെൽറ്റ് സമ്മാനിക്കുന്നെന്ന് ഖുർഷിദ് പറയുന്നു. 

കുടുംബത്തോടൊപ്പം  ഡൽഹിയിൽ താമസിക്കുന്ന, ബിഹാർ സ്വദേശിയായ ഖുർഷിദ് 1997  മാർച്ചിലാണ് ദുബായിയിൽ എത്തിയത്. 21 വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. 1998 മേയിൽ ദെയ്‌റയിലെ നായിഫ്  മാർക്കറ്റിൽ നിന്ന് വാങ്ങിയതാണ് തവിട്ട് നിറത്തിലുള്ള തുകൽ ബെൽറ്റ്. അന്ന് കൊടുത്ത വില 20 ദിർഹം കുറച്ച് കൂടുതലായിരുന്നെങ്കിലും കഴിഞ്ഞ 20  വർഷം തുടർച്ചയായി ഈ ബെൽറ്റ് ഉപയോഗിച്ചിട്ടും യാതൊരു പോറലുമേറ്റിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. 

ചിലർക്ക് ചില വസ്തുക്കളോട് ഏറെ പ്രിയം തോന്നുമല്ലോ. എനിക്കെന്തോ ഇൗ ബെൽറ്റിനോടാണ് ഇഷ്ടക്കൂടുതൽ. ഇത് ഒരു ദിവസം ധരിച്ചില്ലെങ്കിൽ അന്നെന്തോ മനഃപ്രസായം അനുഭവപ്പെടും. ജീവിതത്തിലെ സന്തോഷത്തിന് ഒരു കാരണം ഇൗ ബെൽറ്റാണെന്ന് വെറുതെ വിശ്വസിക്കാനാണ് 56കാരന് താത്പര്യം.

യുഎഇയിലെ ആദ്യകാലം എട്ടു പേരടങ്ങിയ കുടുസ്സു മുറിയിലായിരുന്നു താമസം. വെളുപ്പിന് അഞ്ചിന് എണീക്കും. അന്നത്തേയ്ക്ക് ഭക്ഷിക്കാനുള്ള ചപ്പാത്തിയും ആലൂ ബാജിയും തയ്യാറാക്കും. അതും  പ്ലാസ്റ്റിക് കവറിലാക്കി ജോലി സ്ഥലത്തേയ്ക്ക്. ആറിന് ജോലി സ്ഥലത്ത് എത്തിച്ചേരും. വൈകിട്ട് അഞ്ച് വരെ തുടർച്ചയായ ജോലി. ആറിന് തിരിച്ചു തമാസ സ്ഥലത്തെത്തും. കുളിയും പ്രാർഥനയും കഴിഞ്ഞു റൂമിലുള്ളവരുമായി കുറച്ചു കുശാലാന്വേഷണം. പിന്നെ, അടുക്കളയിലേയ്ക്ക്. രാത്രിയിലേക്കുള്ള ഭക്ഷണം തയ്യാറാക്കൽ. രാത്രി 10 നു കൃത്യമായി ഉറങ്ങും. അന്നത്തെ വരുമാനം 800 ദിർഹം. ഓവർ ടൈം  കൂട്ടി 1100 കൈയിലാകും. 300 ദിർഹം മാത്രം മാസ  ചെലവിനെടുത്ത്  ബാക്കിയെല്ലാം നാട്ടിലേക്കയക്കുന്ന ഒരു സാധാരണ പ്രവാസിയുടെ പ്രതിരൂപം.  നാലു കുട്ടികളും ഭാര്യയും  അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം. നാലു ആൺമക്കളാണുള്ളത്. രണ്ട് മക്കൾക്ക്  കൂടി ജോലി ലഭിക്കേണ്ടതുണ്ട്. അതു വരെ ദുബായിയിൽ തുടരാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.

ജോലിയിൽ തികഞ്ഞ സത്യസന്ധനും വിദഗ്ധനുമാണ് ഇദ്ദേഹമെന്ന് സഹപ്രവർത്തകർ വിലയിരുത്തുന്നു. വെറുതെയിരിക്കാനാവില്ല. എന്തെങ്കിലും ജോലി ചെയ്തു കൊണ്ടേയിരിക്കണം. സദാ കർമ നിരതൻ. അതുകൊണ്ട് തന്നെ  എൻജിനീയറിങ് ഡിപ്പാർട്മെന്റിലെ എല്ലാവരുടെയും പ്രിയങ്കരൻ. മൂന്ന് വർഷം മുൻപ് ഉംറ ചെയ്യാൻ സാധിച്ചതാണ് പ്രവാസ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ഖുർഷിദ് പറയുന്നു. അധികം സ്വപ്നങ്ങളും ആസൂത്രണങ്ങളുമില്ലാതെ തന്റെ കർമം തന്റെ ദൈവമായി വിശ്വസിച്ചു കൊണ്ട് ജോലി തുടരുകയാണ് അദ്ദേഹം. തിരിച്ചുപോകുമ്പോൾ ബെൽറ്റ് കൂടി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്നും മരണം വരെ അതു സൂക്ഷിച്ചുവയ്ക്കുമെന്നും പറയുന്നു.

MORE IN GULF
SHOW MORE