ദുബായിൽ ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊന്ന പത്രാധിപർ പുതിയ വാദവുമായി രംഗത്ത്

francis-mathew-editor
SHARE

ഭാര്യയെ തല്യ്ക്കടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ എഡിറ്റർ ഫ്രാൻസിസ് മാത്യു(61) പുതയ വാദവുമായി കോടതിയിൽ. ഈ വർഷം മാർച്ചിലാണ് ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി ഫ്രാൻസിസ് മാത്യുവിനു പത്തുവർഷം തടവിന് ശിക്ഷിച്ചത്. ഇതിനെതിരെ ഫ്രാൻസിസ് അപ്പീൽ കോടതിയെ സമീപിച്ചു. 

കഴിഞ്ഞവർഷം ജൂലൈയിൽ ഭാര്യ ജെയിൻ മാത്യുവിനെ (62) വധിച്ചെന്നാണു കേസ്. ബ്രിട്ടിഷുകാരായ ഇരുവരും മൂന്നു പതിറ്റാണ്ടോളമായി യുഎഇയിലായിരുന്നു. എൺപതുകൾ മുതൽ ഗൾഫ് മാധ്യമ രംഗത്ത് സജീവമായ വ്യക്തിയാണ് ഫ്രാൻസിസ്.ഭാര്യയെ വധിക്കണമെന്ന് തന്റെ കക്ഷിക്ക് ഉദ്ദേശമില്ലായിരുന്നുവെന്ന് ഫ്രാൻസിസ് മാത്യുവിന്റെ അഭിഭാഷകൻ അലി അൽ ഷംസി കോടതിയെ അറിയിച്ചു. ഈ കേസിൽ ഭാര്യയെ കൊലപ്പെടുത്തണമെന്നു കരുതി മുൻകൂട്ടി യാതൊന്നും തന്നെ ആസൂത്രണം ചെയ്തിരുന്നില്ല. മൂന്ന് ദൃക്സാക്ഷികൾ കോടതിയിൽ നൽകിയ മൊഴി പ്രകാരം ദമ്പതികൾ ഏറെ സന്തോഷത്തോടെയാണ് ജീവിച്ചിരുന്നതെന്ന് വ്യക്തമാണെന്നും അഭിഭാഷകൻ വാദിച്ചു.

ഫൊറൻസിക് റിപ്പോർട്ടിലും തന്റെ കക്ഷി, ഭാര്യയെ മനഃപൂർവം കൊല്ലാൻ ശ്രമിച്ചുവെന്ന് പറയുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് ഫ്രാൻസിസ് മാത്യു ഭാര്യയുമായി വാദപ്രതിവാദത്തിൽ ഏർപ്പെട്ടിരുന്നു. ഭാര്യയെ അടിച്ചുവെങ്കിലും കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ആയിരുന്നില്ല ഇതെന്നും അഭിഭാഷകൻ അൽ ഷംസി കോടതിയിൽ വാദിച്ചു.

ജുമൈറയിലെ മൂന്നു കിടപ്പുമുറികളുള്ള വില്ല മോഷ്ടാക്കൾ കൊള്ളയടിച്ചെന്നും ഭാര്യയെ വധിച്ചെന്നും മാത്യു 2017 ജൂലൈ നാലിനു പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാൽ, സംശയം തോന്നിയതിനെ തുടർന്ന് പിന്നീട് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചെന്നു പൊലീസ് പറഞ്ഞു. കടക്കെണിയിലായിരുന്നെന്നും ഇതെച്ചൊല്ലി ഭാര്യയുമായി കലഹിച്ചെന്നും മാത്യു അറിയിച്ചു. തന്നെ പരാജിതനെന്നു വിളിച്ചുകൊണ്ട് ഭാര്യ പിടിച്ചു തള്ളി. തുടർന്നു ചുറ്റികയെടുത്ത് ഭാര്യയെ കിടപ്പുമുറിയിൽ ആക്രമിക്കുകയായിരുന്നു. ചുറ്റികകൊണ്ടു രണ്ടുതവണ ജെയിന്റെ തലയ്ക്കടിച്ചെന്നും ഫ്രാൻസിസ് മാത്യു മൊഴി നൽകിയതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നു. കൊള്ളയടിക്കപ്പെട്ടതായി തോന്നിക്കുന്ന രീതിയിൽ വീട് അലങ്കോലമാക്കിയശേഷം ഒന്നും സംഭവിക്കാത്തതു പോലെ മാത്യു പിറ്റേന്നു ജോലിക്കു പോയി. ചുറ്റിക കുപ്പത്തൊട്ടിയിൽ ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു.

MORE IN GULF
SHOW MORE