റംസാനിന് ഒരുങ്ങി ഗൾഫ് രാജ്യങ്ങൾ

റമസാന്‍ വിളിപ്പാടകലെ എത്തിയതോടെ ഗള്‍ഫ് രാജ്യങ്ങളിലെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആരാധനാലയങ്ങളില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചും ഇഫ്താര്‍ ടെന്‍റുകള്‍ ഒരുക്കിയും വിശ്വാസികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മതകാര്യ മന്ത്രാലയങ്ങള്‍.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയും പുതിയ പരവതാനികള്‍ വിരിച്ചും ആരാധനാലയങ്ങള്‍ സജീവമായി. രാത്രി പ്രാര്‍ഥനയ്ക്കും മറ്റുമായി കൂടുതല്‍ ആളുകള്‍ എത്തിച്ചേരാന്‍ ഇടയുള്ള പള്ളികളിലെ സൌകര്യങ്ങള്‍ വിപുലപ്പെടുത്തി. കൂടുതല്‍ ഖുര്‍ആന്‍ പ്രതികളും ലഭ്യമാക്കി. വിവിധ പള്ളികളില്‍ ഇഫ്താര്‍ വിഭവങ്ങള്‍ എത്തിക്കുന്നതിന് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹ നോമ്പുതുറയ്ക്കായി പള്ളികളോട് ചേര്‍ന്നും പൊതു സ്ഥലങ്ങളിലും പ്രത്യേക ടെന്‍റുകളും സജ്ജമായി കഴിഞ്ഞു.  റമസാനില്‍  സ്വകാര്യമേഖലയുടെ പ്രവൃത്തി സമയം ആറു മണിക്കൂറാക്കി കുറച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാക്കി. വിവിധ എമിറേറ്റുകളിലെ സ്കൂളുകളുടെ പ്രവൃത്തി സമയവും കുറച്ചിട്ടുണ്ട്. പെയ്ഡ് പാര്‍ക്കിങ് സമയം രാവിലെയും രാത്രിയുമാക്കി പുനക്രമീകരിച്ചു.