പിതാവിന്റെ മൃതദേഹം മാറി; സൗദി കുടുംബം അലഞ്ഞത് 20 ദിവസം: ദുരനുഭവം

representative-image-gulf-news
SHARE

യുഎസിൽ മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ കാത്തിരുന്ന സൗദി അറേബ്യൻ കുടുംബത്തിന് അധികൃതർ നൽകിയത് തീരാവേദന. ശവപ്പെട്ടിയുടെ ഷിപ്പിങ് നമ്പറും അധികൃതർ നൽകിയ രേഖകളിലെ നമ്പറും ചേരാതെ വന്നപ്പോഴാണ് ശവപ്പെട്ടി തുറന്നു പരിശോധിക്കാൻ തീരുമാനിച്ചത്. ശവപ്പെട്ടി തുറന്നപ്പോൾ പിതാവിന്റെ മൃതദേഹത്തിനു പകരം മറ്റൊരാളുടെ മൃതദേഹമാണ് കുടുംബത്തിന് കണ്ടെത്താൻ കഴിഞ്ഞത്. പിതാവിനെ നഷ്ടപ്പെട്ട കുടുംബത്തിന് വീണ്ടും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതായിരുന്നു ഈ സംഭവം. 

വാഷിങ്ടണിൽ അടുത്തിടെയാണ് സൗദി പൗരൻ മരിച്ചതെന്ന് അദ്ദേഹത്തിന്റെ മൂത്ത മകൻ ബദാർ അബു തലീബ് പ്രതികരിച്ചു. മരണാനന്തര ചടങ്ങുകൾക്കായി മൃതദേഹം സൗദിയിലേക്ക് കൊണ്ടുവരാൻ തീരുമാനിക്കുകയും ഇതിനായുള്ള നടപടികൾ ചെയ്യുകയും ചെയ്തു. തുടർന്നാണ് ശവപ്പെട്ടി ഏറ്റുവാങ്ങാൻ ബന്ധുക്കൾ റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. ഇവിടെ വച്ചാണ് രേഖകളിലെ പൊരുത്തക്കേട് മനസിലായതെന്നും തലീബ് പറഞ്ഞു. 

യുഎസിൽ നിന്നും എത്തിയ ശവപ്പെട്ടിയിൽ യൂറോപ്യൻ പൗരനെന്നു സംശയിക്കുന്ന ഒരു വ്യക്തിയുടെ മൃതദേഹമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് പിതാവിന്റെ മൃതദേഹത്തിനായി 20 ദിവസത്തോളം അന്വേഷണം നടത്തി. ഒടുവിൽ മറ്റൊരു രാജ്യത്തു നിന്നും സ്വന്തം പിതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഏതു രാജ്യത്തു നിന്നാണ് മൃതദേഹം ലഭിച്ചതെന്ന് കുടുംബം വ്യക്തമാക്കിയില്ല. 

MORE IN GULF
SHOW MORE