ദുബായ് ഹോൾസെയിൽ സിറ്റിയിൽ ലുലു ഗ്രൂപ്പ് വൻ നിക്ഷേപത്തിനൊരുങ്ങുന്നു

lulu-investment-t
SHARE

ദുബായ് ഹോൾസെയിൽ സിറ്റിയിൽ ലുലു ഗ്രൂപ്പ് 30 കോടി ദിർഹത്തിൻറെ നിക്ഷേപം നടത്തുന്നു. ഇത് സംബന്ധിച്ച കരാറിൽ ദുബായ് ഹോൾ സെയിൽ സിറ്റി സി.ഇ.ഒ. അബ്ദുള്ള ബെൽ ഹൂലും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഒപ്പു വെച്ചു.  

ദുബായ് ഹോൾസെയിൽ സിറ്റിയുടെ സെൻട്രൽ ലോജിസ്റ്റിക് ഹബ്ബിലായിരിക്കും ലുലു ഗ്രൂപ്പ് മുതൽ മുടക്കുക. 13 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 30 മാസം കൊണ്ട് ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക് ഹബ്ബ് പൂർത്തിയാക്കും. നിർമാണം പൂർത്തിയാകുന്നതോടെ ഏറ്റവും മികച്ച വിതരണ ശൃംഖല ഇവിടെ ഉണ്ടാകും. ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് ഹോൾസെയിൽ സിറ്റിയിൽ ഒരുക്കുന്നത്. ഭക്ഷ്യോത്പന്ന വാണിജ്യത്തിനു  ഏറ്റവും അനുയോജ്യമായ കേന്ദ്രമായിരിക്കും ഹോൾസെയിൽ സിറ്റി. ലുലു ഗ്രൂപ്പിൻറെ മുന്നോട്ടുള്ള പ്രയാണത്തിലും ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകുന്നതിലും ഹോൾസെയിൽ സിറ്റി പ്രധാന പങ്കു വഹിക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു. ദുബായ് ജബൽ അലിയിൽ മക്‌തൂം രാജ്യാന്തര വിമാനത്താവളത്തിന് സമീപമാണ് ഹോൾസെയിൽ സിറ്റി. മൊത്തക്കച്ചവടക്കാർക്കു വേണ്ടി യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വിഭാവനം ചെയ്തതാണ് ദുബായ് ഹോൾസെയിൽ സിറ്റി. 5.5 കോടി ചതുരശ്രയടി വിസ്തൃതിയിലാണ് പദ്ധതി. 3000 കോടി ദിർഹം ചെലവിൽ പത്തു വർഷം കൊണ്ടാണ് പദ്ധതി പൂർത്തീകരിക്കുക. ഓരോ രാജ്യത്തിനും ഇവിടെ പ്രത്യേകം പവലിയനുകളുണ്ടാകും.

MORE IN GULF
SHOW MORE