ധനികനായി വേഷം കെട്ടിയെത്തും; ചെക്ക് നൽകും: ദുബായിൽ തട്ടിപ്പുകാരന് പിടിവീണു

dubai
SHARE

വിലകൂടിയ കാറുകളിൽ വന്നിറങ്ങും. ഒപ്പം മൂന്നോ നാലോ സഹായികൾ. വിലകൂടിയ വസ്ത്രം. ആഡംബര മൊബൈൽ ഫോണുകളും. ആകപ്പാടെ കണ്ടാൽ ധനികൻറെ കെട്ടും മട്ടും. രണ്ടു വർഷത്തിനിടെ 90ൽ അധികം ചെക്കുതട്ടിപ്പ് കേസുകൾ നടത്തിയ കേസിലെ പ്രതിയാണ് പക്ഷേ കക്ഷി. വിലകൂടിയ കാറുകൾ വാങ്ങിയതിനു ശേഷം  തട്ടിപ്പുകൾ നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് പ്രതി ദുബായിൽ വലയിലായത്. 

വ്യാഴാഴ്ചകളിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം ചെക്ക് നൽകിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. ആഴ്ച്ച അവസാനം ആയതിനാൽ ബാങ്കുകളിൽ തിരക്കുള്ള സമയമാകും ഇത്. ഇത് മുതലെടുത്തായിരുന്നു തട്ടിപ്പുകൾ.  ആർടിഎ ജീവനക്കാരന് തോന്നിയ സംശയമാണ് തട്ടിപ്പുവീരനെ കുടുക്കിയതെന്ന് ദുബായിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പല സ്ഥലങ്ങളിൽ വച്ചും ഇയാൾ ചെക്ക് നൽകി ആളുകളെയും സ്ഥാപനങ്ങളെയും കബളിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. 

വിലകൂടിയ കാറുകൾ വാങ്ങിയ ശേഷം ഇയാൾ വണ്ടിച്ചെക്ക് നൽകിയിരുന്നുന്നാണ് റിപ്പോർട്ടിൽ പറയുന്നത്.  ഒാഫിസിൽ ദുരൂഹമായ സാഹചര്യത്തിൽ തട്ടിപ്പുകാരനെ കണ്ടതിനെ തുടർന്ന് ആർടിഎ ജീവനക്കാരൻ ഇയാളുടെ ഇടപാടുകൾ ശ്രദ്ധിക്കുകയായിരുന്നു. കാറിന്റെ യഥാർഥ വിലയായ 5,000 ദിർഹത്തേക്കാൾ ഉയർന്ന പണം ചെക്കിൽ എഴുതിയത് ശ്രദ്ധയിൽപ്പെട്ടു. ചെക്ക് വേണ്ടെന്നും പണം നൽകിയാൽ മതിയെന്നും ആവശ്യപ്പെട്ടപ്പോൾ ബാങ്കുകൾ അടച്ചുവെന്നാണ് ഇയാൾ പറഞ്ഞത്. തുടർന്ന് ആർടിഎ ഉദ്യോഗസ്ഥൻ പൊലീസിനെ വിവരം അറിയിച്ചു.

 വിവിധ സ്ഥലങ്ങളിൽ നിന്നും കാറുകൾ വാങ്ങിയ ഇയാൾക്കെതിരെ 90 വണ്ടിച്ചെക്ക് കേസുകളുണ്ട്. പൊലീസ് വരുന്നത് വരെ തട്ടിപ്പുകാരനെ ഉദ്യോഗസ്ഥർ പിടിച്ചുവയ്ക്കുകയായിരുന്നു.  

MORE IN GULF
SHOW MORE