അഗ്നിബാധ: ഫുജൈറയിൽ ഒരു കുടുംബത്തിലെ ഏഴ് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഫുജൈറ – റുൽ ദാദ് ന ഏരിയയിൽ വീടിന് തീ പിടിച്ചുണ്ടായ പുക ശ്വസിച്ച് ശ്വാസംമുട്ടി ഏഴ് കുട്ടികൾ ദാരുണമായി മരിച്ചു. സ്വദേശി കുടുംബത്തിലെ  അഞ്ച് മുതൽ 15 വരെ പ്രായമുള്ള നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതിൽ സാറ, സുമയ്യ എന്നീ പേരുകളുള്ള രണ്ട് ഇരട്ടക്കുട്ടികളുമുണ്ട്. രണ്ട് പേർക്കും അഞ്ച് വയസാണ്.

സുറൈദി കുടുംബത്തിലെ അംഗങ്ങളാണ് മരിച്ച കുട്ടികളാണെന്ന് ഫുജൈറ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് ഗാനെ അൽ കഅബി പറഞ്ഞു. ഇന്ന് പുലർച്ചെ 5.40നായിരുന്നു സംഭവം. അകത്തെ ഹാളിലായിരുന്നു അഗ്നിബാധ. ഇവിടെയായിരുന്നു കുട്ടികൾ ഉറങ്ങിയിരുന്നത്. കുട്ടികളുടെ മാതാവാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസും അഗ്നിശമന സേനയും പൊലീസും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. കനത്ത പുക ശ്വസിച്ച് അവശനിലയിലായിരുന്ന കുട്ടികളെ ഉടൻ ദിബ്ബ ഫുജൈറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റുൽ ദാദ് ന പള്ളിയിൽ പ്രാർഥന നടത്തി, മൃതദേഹങ്ങൾ മധ്യാഹ്ന നമസ്കാരത്തിന് ശേഷം(ളുഹർ)  കബറടക്കും. അഗ്നിബാധയുടെ കാരണം പൊലീസ് അന്വേഷിക്കുന്നു.