സൗദിയിൽ പ്രമുഖരുടെ അഴിമതി; അന്വേഷണം മറ്റുരാജ്യങ്ങളിലേക്കും

Thumb Image
SHARE

സൗദി അറേബ്യയിൽ അഴിമതികേസിൽ പിടിയിലായവരുടെ സാമ്പത്തിക വിവരങ്ങൾ സംബന്ധിച്ച അന്വേഷണം മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. പിടിയിലായ പ്രമുഖർ ഉൾപ്പെടെയുള്ളവർക്കു ദുബായ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വൻതോതിൽ നിക്ഷേപവും സ്വത്തുമുണ്ടെന്നാണ് വിവരം 

അഴിമതിക്കേസിൽ അറസ്റ്റിലായ 19 സൗദി പൗരൻമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ വാണിജ്യ ബാങ്കുകൾക്കും സാമ്പത്തിക സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകി. ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിനു മുൻപുള്ള നടപടികളാണിതെന്നാണു സൂചന. സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഉന്നത സമിതിയുടെ നിർദ്ദേശപ്രകാരമാണു നടപടികൾ. 

ശതകോടീശ്വരനായ വ്യവസായി അൽ വലീദ് ബിൻ തലാൽ, സൗദി നാഷനൽ ഗാർഡ് മന്ത്രിയായിരുന്ന മിതെബ് ബിൻ അബ്ദുല്ല രാജകുമാരൻ, റിയാദ് മുൻഗവർണറും മിതെബിന്റെ സഹോദരനുമായ തുർക്കി ബിൻ അബ്ദുല്ല രാജകുമാരൻ തുടങ്ങിയ പ്രമുഖരാണ് പിടിയിലായത്. കോടിക്കണക്കിനു ഡോളറിന്റെ അനധികൃത സ്വത്ത് യുഎഇയിലും മറ്റും ഇവർക്കുണ്ടെന്നാണു കരുതുന്നത്. സൗദിയിൽ ഇവരുടെ 1700 അക്കൗണ്ടുകളാണു മരവിപ്പിച്ചത്. 80000 കോടി ഡോളറിന്റെ വൻ അഴിമതിയാണു സൗദിയിൽ നടന്നതെന്നാണു റിയാദ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി കണക്കാക്കുന്നത്. ഇതിനിടെ അഴിമതിക്കെതിരെ നടപടികൾ ശക്മാക്കിയതോടെ, സൗദിയിലും യുഎഇയിലും മറ്റു ഗൾഫ് രാജ്യങ്ങളിലമുള്ള സ്വത്തുക്കൾ സൗദി നിക്ഷേപകർ വിറ്റഴിക്കാൻ തുടങ്ങിയതായി റിപ്പോർട്ടുണ്ട്. അന്വേഷണം എത്തുന്നതിനു മുൻപ് മേഖലയിൽനിന്നു പണം പിൻവലിക്കാനാണു ശ്രമം. കൂടാതെ, സർക്കാരിന്റെ നേതൃത്വത്തിലുള്ള കമ്പനികളിലും സ്ഥാപനങ്ങളിലും ഇവർ നിക്ഷേപിക്കുന്നുണ്ട്. 

MORE IN GULF
SHOW MORE