ഇടിയുടെ പൊടി പൂരം തീർക്കാൻ 'ടർബോ ജോസ്', മമ്മൂട്ടി ചിത്രം മെയ് 23ന്

ഒരിടവേളയ്ക്ക് ശേഷം എത്തുന്ന മമ്മൂട്ടിയുടെ മാസ് ആക്ഷൻ- കോമഡി ചിത്രമാണ് ടർബോ. ചിത്രത്തില്‍ ജോസ് എന്ന കഥാപാത്രമായിട്ടാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന അഞ്ചാമത്തെ സിനിമയായ ‘ടർബോ’ മെയ് 23ന് തിയറ്ററുകളിലെത്തും. തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ മമ്മൂട്ടി തന്നെയാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ്, കാതൽ ദ് കോർ തുടങ്ങിയ സിനിമകളുടെ വൻ വിജയത്തിന്  പിന്നാലെ മമ്മൂട്ടിക്കമ്പനിയുടെ ബാനറിൽ എത്തുന്ന ചിത്രം കൂടിയാണ് ‘ടർബോ’.  ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. നേരത്തെ ടർബോയുടെ കഥയെ സംബന്ധിച്ച വിവരങ്ങള്‍ സോഷ്യൽ മീഡിയയില്‍ ചർച്ചയായിരുന്നു. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റിൽ വന്ന പ്ലോട്ടാണ് ഇതിന് തുടക്കമിട്ടിരിക്കുന്നത്. ടർബോയിൽ ഒരു ജീപ്പ് ഡ്രൈവർ ആയാണ് മമ്മൂട്ടി എത്തുന്നതെന്നും ജോസ് എന്നാണ് ഇയാളുടെ പേരെന്നും പറയുന്നു. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും സുപ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗ്ഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ.