ബാക്ക് ടു ബാക്ക് ഹിറ്റ്; 2024ല്‍ കുതിക്കുന്ന മലയാളം

mallu-minati
SHARE

2022 തെലുങ്ക് സിനിമയുടേതായിരുന്നു. 2023 തമിഴിന്‍റേതും. 2024, അത് മലയാളത്തിന്‍റേതാണ്. ബോളിവുഡ്, ടോളിവുഡ്, കോളിവുഡ് എന്നിങ്ങനെ വമ്പന്‍ ഇന്‍ഡസ്​ട്രികള്‍ ഉള്‍പ്പെടുന്ന ഇന്ത്യന്‍ സിനിമ ലോകം മലയാളത്തെ വാഴ്ത്തുകയാണ്. 2024ല്‍ എബ്രഹാം ഒസ്​ലറിലൂടെ തുടങ്ങി പ്രേമലൂ, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്​സ്, ആടുജീവിതം, വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം എന്നിങ്ങനെ ബാക്ക് ടു ബാക്ക് ഹിറ്റുകള്‍, കേരളത്തില്‍ മാത്രമല്ല, അന്യഭാഷകളിലും.

കണ്ടന്‍റില്‍ മുന്‍പന്തിയിലായിരുന്നെങ്കിലും തമിഴ്, തെലുങ്ക് സിനിമകളെ പോലെ കോടികള്‍ വാരാനോ വലിയ പ്രേകഷക സമൂഹത്തിലേക്ക് എത്താനോ മലയാളം സിനിമകള്‍ക്കായിരുന്നില്ല. എന്നാല്‍ ഇന്ന് കഥ മാറി. കേരളത്തിന് പുറത്തേക്കും മലയാളം സിനിമകള്‍ കാണാനും കാത്തിരിക്കാനും പ്രേക്ഷകര്‍ ഉണ്ടായിരിക്കുന്നു. കൊവിഡ് സമയത്തെ ലോക്​ഡൗണില്‍ ഒടിടികള്‍ വ്യാപകമായത് ഇതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എന്നിരുന്നാലും  2024ലെ മലയാളം സിനിമക്ക് സംഭവിച്ചതെന്ത്? ഒന്നു പരിശോധിക്കാം. 

2024ലെ മോളിവുഡ‍് തരംഗത്തിന് തുടക്കം കുറിച്ചത് പ്രേമലുവാണ്.  ഹൈദരബാദില്‍ സെറ്റ് ചെയ്​തെടുത്ത കഥ, സ്വയംപര്യാപ്തയായ, ഇഷ്‌ടപ്പെട്ട സ്ഥലങ്ങള്‍ എക്സപ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന നായിക, പഠനം കഴിഞ്ഞ് വിദേശത്തേക്ക് പോകണമെന്ന് ആഗ്രഹിക്കുന്ന, നാട്ടുകാരുടേയും വീട്ടുകാരുടേയും സമ്മര്‍ദത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്ന, അത്ര ഹീറോയിക് അല്ലാത്ത, പെര്‍ഫെക്റ്റ് അല്ലാത്ത ഉഴപ്പനായ നായകന്‍, മാറിയ യുവത്വത്തിന് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന കഥ പരിസരം. പ്രേമലുവിനെ പ്രേക്ഷകരൊന്നാകെ ഏറ്റെടുത്തു.

അടുത്ത ഊഴം ഭ്രമയുഗത്തിനായിരുന്നു. ഒരു സൂപ്പര്‍സ്റ്റാര്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുക, അതും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ഒരു പരീക്ഷണ ചിത്രത്തില്‍, പലവിധ പരീക്ഷങ്ങളൊരുക്കുന്ന മലയാളത്തിന് തന്നെ അപൂര്‍വ്വമായ ആ ശ്രമത്തെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഭ്രമയുഗത്തിന് ശേഷമെത്തിയ മഞ്ഞുമ്മല്‍ ബോയ്​സിന് തമിഴ്നാട്ടിലാണ് വലിയ സ്വീകാര്യത ലഭിച്ചത്. ഗുണ കേവിന്‍റെ ഉപയോഗവും ഗുണ സിനിമയുടെ റഫറന്‍സും കണ്‍മണി എന്ന പാട്ടിന്‍റെ പ്ലേസ്​മെന്‍റും സുഹൃത്ബന്ധം ആവിഷ്കരിച്ചതിലെ തീവ്രതയും ചിത്രത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായി. ആടുജീവിതവും പ്രേക്ഷകരെ അല്‍ഭുതപ്പെടുത്തി. ഏറ്റവും ഒടുവില്‍ ഈ നിരയിലേക്ക് വന്നതാണ് ആവേശവും വര്‍ഷങ്ങള്‍ക്ക് ശേഷവും. ‍അതാത് ഇന്‍ഡസ്​ട്രികളിലെ ചിത്രങ്ങള്‍ പരാജയപ്പെടുന്നിടത്താണ് മലയാളത്തിന്‍റെ കുതിപ്പ്. 

ഇനി മേല്‍ പറഞ്ഞ സിനിമകളെല്ലാം നോക്കുക, ഴോണര്‍ കൊണ്ടും പാറ്റേണ്‍ കൊണ്ടും പശ്ചാത്തലം കൊണ്ടും ഒരു സാമ്യവുമില്ലാത്ത സിനിമകളാണിവ. മറ്റ് ഇന്‍ഡസ്ട്രികളില്‍ മാസ്, ബിഗ് ബജറ്റ് സിനിമകള്‍ വലിയ വിജയം നേടുമ്പോള്‍ ക്രൈം ത്രില്ലര്‍, സര്‍വൈവല്‍, റോം കോം, ഹൊറര്‍ എന്നിങ്ങനെ പല ഴോണറിലുള്ള സിനിമകളാണ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി ഓടുന്നത്. ഴോണറിലെ വൈവിധ്യത്തില്‍ പിന്നേയും മലയാളത്തിനൊപ്പം നിര്‍ത്താവുന്നത് തമിഴിനെയാണ്. മറ്റ് ഇന്‍സ്ട്രികളില്‍ അഥവാ അങ്ങനെ ഇറങ്ങുകയാണെങ്കില്‍ തന്നെ അത് മെയ്​ന്‍ സ്ട്രീം സിനിമകളാവില്ല. 

2024ല്‍ സൂപ്പര്‍ ഹിറ്റായ മിക്ക സിനിമകളിലും സൂപ്പര്‍ താരങ്ങളല്ല പ്രധാനവേഷത്തിലെത്തിയിരിക്കുന്നത്. മോളിവുഡിനെപ്പോഴും കണ്ടന്‍റ് തന്നെ കിങ്. താരങ്ങള്‍ക്കല്ല, കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. ആവേശം ഒരു ഉദാഹരണമായി എടുത്താല്‍ രംഗയുടേത് ഒരിക്കലും ഒരു മാസ് ഹീറോയുടെ കഥയല്ല, അയാള്‍ ക്രൂരനും നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്തവനുമാണ്, അതേസമയം തന്നെ മണ്ടനായ, നിഷ്കളങ്കനായ, സ്നേഹം കൊതിക്കുന്ന ഒരു ഗ്യാങ്സ്​റ്ററാണ്. ഫഹദിന്‍റെ ഇമേജിനായി ഒരു വിട്ടുവീഴ്ചയും കഥാപാത്രത്തില്‍ ചെയ്യേണ്ടി വന്നിട്ടില്ല. അന്യഭാഷകളിലെ എത്ര സൂപ്പര്‍ താരങ്ങള്‍ ഇത്തരമൊരു റോള്‍ ചെയ്യും. 

മഞ്ഞുമ്മല്‍ ബോയ്​സ്, പ്രേമലൂ, വര്‍ഷങ്ങള്‍ക്ക് ശേഷം, ആവേശം എന്നീ സിനിമകകളുടെ കഥ നടക്കുന്ന സ്ഥലങ്ങളെല്ലാം കേരളത്തിന് പുറത്താണ്. ആ ഭൂപ്രദേശങ്ങളേയും അവിടുത്തെ മനുഷ്യരേയും അവിടുത്തെ മലയാളികളേയും ഈ സിനിമകള്‍ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് നോക്കുക, തങ്ങള്‍ക്ക് ഇത് സാധിക്കുന്നില്ലല്ലോ എന്ന് അല്‍ഭുതപ്പെടുന്ന അന്യഭാഷസിനിമക്കാരേയും ഇതിനൊപ്പം നമുക്ക് കാണാനാവും. 

പരീക്ഷണങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കുമായി ഫിലിം മേക്കേഴ്സിനുള്ള ഏറ്റവും വലിയ പ്രചോദനം ഇവിടുത്തെ പ്രേക്ഷകര്‍ തന്നെയാണ്. കണ്ടന്‍റ് പവര്‍ഫുള്ളാണെങ്കില്‍, ഇമോഷണലി കണക്റ്റാവുന്നതാണെങ്കില്‍ ആ ചിത്രം നമ്മള്‍ വിജയിപ്പിച്ചിരിക്കും. മലയാളി ഫ്രം ഇന്ത്യ, നടികര്‍, ഗുരുവായൂരമ്പല നടയില്‍, ടര്‍ബോ എന്നിങ്ങനെ വരാനിരിക്കുന്ന സിനിമകളിലും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഏറെയാണ്. മോളിവുഡ് തരംഗം ഇനിയും തുടരട്ടെ.

MORE IN ENTERTAINMENT
SHOW MORE