റഹീമിന്റെ ജീവിതവും മോചനവും സിനിമയാകുന്നു; നിര്‍മാണം ബോച്ചെ

boche-rahim
SHARE

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവഴി സിനിമയാക്കാനൊരുങ്ങി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. അബ്ദുൽ റഹീമിന്റെ ജീവിതവും മോചനത്തിന് പണം കണ്ടെത്താൻ നടത്തിയ യാചകയാത്രയും മലയാളികളുടെ ഒരുമയുമാണ് സിനിമയുടെ പ്രമേയമെന്ന് ബോബി ചെമ്മണ്ണൂര്‍ പറയുന്നു.  സിനിമയെ കുറിച്ച് സംവിധായകൻ ബ്ലെസിയുമായി സംസാരിച്ചു. അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് മറുപടിയാണ് ലഭിച്ചതെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു. സിനിമയിലൂടെ ലഭിക്കുന്ന ലാഭം ബോച്ചെ ചാരിറ്റബൾ ട്രസ്റ്റിന്റെ സഹായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

'നായകനെ തീരുമാനിച്ചിട്ടില്ല. ഞാന്‍ അഭിനയിക്കില്ല. പണം സ്വരൂപിക്കാന്‍ നടത്തിയ യാചകയാത്ര മാത്രമല്ല.  ഇത് അബ്ദുൽ റഹീമിന്റെ കഥയാണ്. ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മലയാളികളുടെ ഐക്യം. രണ്ട് ഈ ചിത്രം ഒരു ബിസിനസ് ആക്കാന്‍ ഉദ്ദേശിക്കുന്നില്ല, ഇതിലൂടെ ലഭിക്കുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. ബോച്ചെ ചാരിറ്റബൾ ട്രസ്റ്റിലൂടെ ഈ പണം പാവങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കും' എന്ന് ബോച്ചെ അറിയിച്ചു. അബ്ദുൽ റഹീമിന്റെ മതം നോക്കിയല്ല സഹായിക്കാൻ ഇറങ്ങിയതെന്നും ബോബി ചെമ്മണ്ണൂർ വ്യക്തമാക്കി. 

കൂടാതെ നിമിഷപ്രിയയുടെ കാര്യവും അന്വേഷിക്കുന്നുണ്ടെന്നും ബോച്ചെ പറഞ്ഞു. നിമിഷപ്രിയയുടെ വിഷയത്തില്‍ നിജസ്ഥിതി അറിഞ്ഞ ശേഷം അവര്‍ തെറ്റുകാരിയല്ലെങ്കില്‍ മോചനത്തിനായി പരിശ്രമിക്കുമെന്ന് ബോച്ചെ അറിയിച്ചു. നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സംഭവത്തിന്‍റെ സത്യം അറിഞ്ഞിട്ട് ജനങ്ങളുടെ അഭിപ്രായം കൂടി നോക്കിയാകും കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ബോച്ചെ എന്നറിയപ്പെടുന്ന ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കി.

Boby Chemmanur announced film about Abdul Rahim's life 

MORE IN ENTERTAINMENT
SHOW MORE