വർഷത്തിൽ ഒരു പടം, അത് ഹിറ്റ്‌; പ്രണവിനെ ഊട്ടിയില്‍ സ്പോട്ട് ചെയ്ത് ആരാധകര്‍

മികച്ച പ്രതികരണങ്ങളോടെ ‘വർഷങ്ങൾക്കു ശേഷം’ സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴും യാത്രാ തിരക്കിലാണ് പ്രണവ് മോഹന്‍ലാല്‍. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പലയിടത്തും പ്രണവിനെ തിരഞ്ഞെങ്കിലും ആര്‍ക്കും കണ്ടെത്താനായില്ല. ഒടുവില്‍ സിനിമ കാണാനത്തിയ സുചിത്ര മോഹന്‍ലാലാണ് പ്രണവ് യാത്രയിലാണെന്നും ഊട്ടിയിലുണ്ടെന്നും വെളിപ്പെടുത്തിയത്. 

ഇപ്പോഴിതാ, പ്രണവിനെ ഊട്ടിയില്‍ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ് ആരാധകര്‍. സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയില്‍ അവധി ആഘോഷിക്കുന്ന പ്രണവിന്‍റെ വിഡിയോകള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ബൈക്കിൽ സ്ഥലങ്ങൾ ചുറ്റുന്ന സോളമന്‍ ഡാനിയലും സംഘവുമാണ് ഊട്ടിയിൽ വച്ച് അപ്രതീക്ഷിതമായി താരത്തെ കണ്ടത്. 

പരിചയപ്പെടാനെത്തിയ ആരാധകരെ താരം നിരാശരാക്കിയില്ല. വിശേഷങ്ങള്‍ പങ്കുവച്ചും ഫോട്ടോയ്ക്കു പോസ് ചെയ്തതിനും ശേഷമാണ് പ്രണവ് മടങ്ങിയത്. വിഡിയോ വന്നതിനു പിന്നാലെ, എളിമയുടെ ഏറ്റവും നല്ല ഉദാഹരണം, വര്‍ഷത്തിൽ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു പടം ഹിറ്റ് അടിക്കുന്നു പോകുന്നു, ഇതാ ലൈഫ്, വർഷത്തിൽ ഒരു പടം.. അത് ഹിറ്റ്‌... ഇജ്ജാതി മനുഷ്യൻ തുടങ്ങി നിരവധി രസികന്‍ കമന്‍റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.