സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ അപ്പാര്‍ട്ട്മെന്‍റിന് നേരെ വെടിവയ്പ്പ്

salman-khan
SHARE

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍റെ മുംബൈയിലെ വസതി ഉള്‍പ്പെടുന്ന അപ്പാര്‍ട്ട്മെന്‍റിന് നേരെ വെടിവയ്പ്. പുലര്‍ച്ചെ ബൈക്കിലെത്തിയ രണ്ടുപേര്‍ അപ്പാര്‍ട്ട്മെന്‍റിന് നേരെ മൂന്ന് റൗണ്ട് വെടിയുതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്ണോയി സംഘത്തില്‍ നിന്ന് ഭീഷണി നേരിടുന്ന സല്‍മാന്‍ ഖാന് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബാന്ദ്രയില്‍ സല്‍മാന്‍ ഖാനും കുടുംബവും താമസിക്കുന്ന ഗാലക്സി അപ്പാര്‍ട്ട്മെന്‍റിന് നേരെയാണ് ആക്രമണം. പുലര്‍ച്ചെ അഞ്ചുമണിയോടെ ബൈക്കിലെത്തിയ രണ്ട് പേര്‍ മൂന്ന് റൗണ്ട് വെടിയുതിര്‍ത്ത ശേഷം അതിവേഗം ഓടിച്ചുപോയെന്നാണ് പൊലീസ് പറയുന്നത്. കടകളോട് ചേര്‍ന്ന അപ്പാര്‍ട്ട്മെന്‍റിന്‍റെ ഒരുവശത്ത് വെടിയേറ്റ പാടുണ്ട്. ഇത് പൊലീസും ഫൊറന്‍സിക് സംഘവും പരിശോധിച്ച് വരികയാണ്. വിദേശ നിര്‍മിത തോക്കാണ് ഉപയോഗിച്ചതെന്നാണ് സൂചന. പ്രതികള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ല. 

സിസിടിവി ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ച് പ്രതികള്‍ക്കായി ബാന്ദ്രാ പൊലീസും മുംബൈ ക്രൈംബ്രാഞ്ചും അന്വേഷണം ഊര്‍ജ്ജിതമാക്കി. ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍ നിന്ന് സല്‍മാന്‍ ഖാന് നിരന്തര ഭീഷണിയുണ്ടായിരുന്നു. അപായപ്പെടുത്തുമെന്ന ഇ–മെയില്‍ സന്ദേശത്തെ തുടര്‍ന്ന് ബിഷ്ണോയിക്കും സംഘത്തിലുള്ള ഗോള്‍ഡി ബ്രാറിനും എതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സല്‍മാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടായിരുന്നു ഭീഷണി. ഈ ദിശയിലേക്കും അന്വേഷണം നടക്കുന്നുണ്ട്. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സല്‍മാന്‍റെ വൈ പ്ലസ് കാറ്റഗറി സുരക്ഷ കൂടുതല്‍ ശക്തമാക്കി. അതേസമയം സംസ്ഥാനത്തുണ്ടാകുന്ന തുടര്‍ച്ചയായ അക്രമസംഭവങ്ങളെ അപലപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ പരാജയമായി മാറിയെന്ന് എന്‍സിപി നേതാവ് സുപ്രിയ സുളെ ആരോപിച്ചു.

MORE IN ENTERTAINMENT
SHOW MORE