സെലിബ്രിറ്റി കപ്പിളുകള്‍ വേട്ടക്കാര്‍, പരസ്​പരം വിവാഹം കഴിക്കുന്നത് പ്രശസ്​തിക്കായി: നോറ ഫത്തേഹി

nora-fatehi
SHARE

ബോളിവുഡിലെ സെലിബ്രിറ്റി ദമ്പതികള്‍ക്കെതിരെ നടിയും നര്‍ത്തകിയുമായ നോറ ഫത്തേഹി. പ്രശസ്തിക്കുവേണ്ടയാണ് ഇവര്‍ പരസ്പരം വിവാഹം കഴിക്കുന്നതെന്നും താന്‍ അങ്ങനെയല്ലെന്നുമാണ് നോറ പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികളെ വേട്ടക്കാര്‍ എന്ന് വിളിച്ച നോറ പണത്തിനും പ്രശസ്​തിക്കുമായി ഇവര്‍ സ്വന്തം ജീവിതം നശിപ്പിക്കുകയാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

'പ്രശസ്തിക്കായി വേട്ടയാടുന്നവര്‍. പ്രശസ്തിക്ക് വേണ്ടി മാത്രമാണ് അവര്‍ക്ക് നിങ്ങളെ വേണ്ടത്. ഇത്തരക്കാര്‍ക്ക് എനിക്കൊപ്പമാവാനാവില്ല. അതുകൊണ്ടാണ് പുരുഷന്മാര്‍ക്കൊപ്പം ഞാന്‍ കറങ്ങുന്നതോ ഡേറ്റ് ചെയ്യുന്നതോ നിങ്ങള്‍ കാണാത്തത്. എന്നാല്‍ ഇതൊക്കെ എന്‍റെ കണ്‍മുന്നില്‍ നടക്കുന്നു. സിനിമ ഇന്‍ഡസ്ട്രിയിലുള്ളവര്‍ പരസ്​പരം വിവാഹം കഴിക്കുന്നത് സ്വാധീനം നിലനിര്‍ത്താനാണ്. സൗഹൃദവലയങ്ങള്‍ക്കായും പണത്തിനായും തന്‍റെ തന്നെ പ്രസക്തിക്ക് വേണ്ടി പോലും ഭര്‍ത്താക്കന്മാരേയും ഭാര്യമാരേയും ആളുകള്‍ ഉപയോഗിക്കുന്നു. ഇന്നയാളെ ഞാന്‍ വിവാഹം കഴിക്കണം, കാരണം അവരുടെ കുറച്ച് സിനിമകള്‍ റിലീസ് ചെയ്യുന്നു, അത് നന്നായി ഒാടുന്നു, അതിനൊപ്പം എനിക്കും ഒാടണം എന്ന് ആളുകള്‍ ചിന്തിക്കുന്നു. അത്രത്തോളം കണക്കുകൂട്ടലുകള്‍ നടക്കുന്നു. അവര്‍ വേട്ടക്കാരാണ്. പണത്തിനും പ്രശസ്​തിക്കും വേണ്ടിയുള്ള ആഗ്രഹത്തില്‍ നിന്നുമാണ് ഇതൊക്കെ വരുന്നത്. ഇങ്ങനെയുള്ള ആളുകള്‍ പണത്തിനും പ്രശസ്​തിക്കും അധികാരത്തിനുമായി ജീവിതം മുഴുവന്‍ നശിപ്പിക്കും. സ്നേഹിക്കാത്ത ഒരാളെ വിവാഹം ചെയ്​ത് ജീവിതകാലം മുഴുവന്‍ ഒപ്പം താമസിക്കുന്നതിനെക്കാളും മോശമായത് വേറെയില്ല. ഈ വിവരക്കേട് ഇന്‍ഡസ്​ട്രിയിലുള്ള മിക്ക ആളുകളും ചെയ്യുന്നുണ്ട്. അവര്‍ക്ക് പ്രാധാന്യമുണ്ടാവണം. സ്വന്തം കരിയര്‍ എങ്ങോട്ടേക്കാണ് പോകുന്നത് എന്ന് അവര്‍ക്ക് അറിയില്ല. അതിനാല്‍ കുറച്ച് ബാക്കപ്പ് പ്ലാനുകള്‍ ഉണ്ടാക്കുന്നു. വ്യക്തിജീവിതവും മാനസികാരോഗ്യവും സന്തോഷവും ത്യജിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് എനിക്ക് മനസിലാവുന്നില്ല. ജോലിയും വീടും വ്യക്തിജീവിതവും വ്യത്യസ്​തമാണ്. രണ്ടും കൂടി കൂട്ടിക്കുഴച്ചാല്‍ നിങ്ങള്‍ക്ക് സന്തോഷമുണ്ടാവില്ല. പിന്നെ എന്തുകൊണ്ടാണ് വിഷാദവും ആത്മഹത്യപ്രേരണയും ഉണ്ടായതെന്ന് നിങ്ങള്‍ തന്നെ അത്ഭുതപ്പെടും,' നോറ പറഞ്ഞു. 

Nora Fatehi against Bollywood's celebrity couple

MORE IN ENTERTAINMENT
SHOW MORE