'ഹി ഈസ് ബാക്ക്; റിയല്‍ ഷോ സ്റ്റീലര്‍'; സോഷ്യല്‍ വാളുകളില്‍ നിവിന്‍ തരംഗം

nivin-pauly
SHARE

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത  വർഷങ്ങൾക്കു ശേഷം നിറഞ്ഞ കയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തില്‍ രണ്ടാം പകുതിയിലെത്തുന്ന കാമിയോ റോളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച നിവിന്‍ പോളിയാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. സെക്കന്‍റ് ഹാഫിലെ അസാധ്യ പ്രകടനം കൊണ്ട് ചിത്രത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും നിവിന്‍ പോളി എടുത്തു എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ആ പഴയ നിവിന്‍ പോളിയെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് സിനിമാ പ്രേമികള്‍. ദി റിയല്‍ ഷോ സ്റ്റീലര്‍ എന്നാണ് പ്രേക്ഷകര്‍ നിവിന്‍ പോളിയുടെ പ്രകടനത്തെ വിലയിരുത്തുന്നത്. 

ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ കാമിയോ റോളിലാണ് നിവിന്‍ പോളി എത്തുന്നത്. ആദ്യദിനം തിയറ്ററില്‍ ആവേശപ്പെരുമഴ തീര്‍ക്കുകയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. സൗഹൃദത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ധ്യാന്‍–പ്രണവ് കോംമ്പോയ്ക്കും തിയറ്ററില്‍ നിറഞ്ഞ കയ്യടിയാണ്. സെക്കന്‍റ് ഹാഫില്‍ നിവിന്‍ കൂടി എത്തുന്നതോടെ ചിരിയുടെ പൂരപ്പറമ്പായി തിയറ്റര്‍ മാറുന്നുവെന്നാണ് പ്രേക്ഷകപ്രതികരണം. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിവിന്‍ പോളിയുടെ ചിത്രങ്ങള്‍ക്ക് പ്രേക്ഷകരെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. അധികം ചിത്രങ്ങളും താരം ചെയ്തിരുന്നില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രം നിവിന്‍റെ ഗംഭീര തിരിച്ചുവരവിനാണ് തുടക്കമിട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.  വിനീതിന്‍റെ ചിത്രത്തിലൂടെ സിനിമയിലെത്തിയ നിവിന്‍ പോളിക്ക് തിരിച്ചുവരവിനും മറ്റൊരു വിനീത് ചിത്രം തന്നെ വേണ്ടിവന്നെന്നും ആരാധകര്‍ പറയുന്നു. ആ പഴയ നിവിന്‍ പോളിയെ ഞങ്ങള്‍ക്ക് തിരിച്ചു തന്ന വിനീതിന് നന്ദിയെന്നും ആരാധകര്‍ ഒരേ സ്വരത്തില്‍ പറയുന്നു. 

ആശാന്റെ പടത്തിന്റെ സ്പെയ്സ് കിട്ടിയാൽ ശിഷ്യൻ അഴിഞ്ഞാടിരിയിക്കും', എന്നാണ് ഒരു ആരാധകൻ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. 'ഒറ്റയ്ക്കു വഴി വെട്ടി സിനിമയിൽ തന്റെ സ്ഥാനം നേടിയ കലാകാരൻ, ബോഡി ഷെയ്മിങിന്‍റെ പേരിൽ കളിയാക്കിവർക്കു തന്നിലെ നടന് ഒരു കോട്ടവും തട്ടിയില്ലെന്ന് തെളിയിക്കുന്ന അന്യായ പെർഫോമൻസ് എനർജി'എന്നാണ് മറ്റൊരു ആരാധകന്‍റെ ട്വീറ്റ്. താരപുത്രന്മാര്‍ അരങ്ങുവാഴുമ്പോഴും സിനിമയുടെ രണ്ടാം പകുതിയില്‍ വന്നെത്തി ആ ചിത്രത്തിന്‍റെ വിധി തന്നെ മാറ്റിക്കളഞ്ഞു എന്നും അഭിപ്രായങ്ങള്‍ ഉയരുകയാണ്. നിരവധി താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ അസാമാന്യ കോമ‍ഡി കൊണ്ടും തകര്‍പ്പന്‍ പ്രകടനങ്ങള്‍ കൊണ്ടും ചിത്രത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും സ്വന്തം പേരിലാക്കി നിവിനെന്നും ആരാധകര്‍. സോഷ്യല്‍ മീഡിയ ഒന്നടങ്കം ചിത്രത്തിലെ നിവിന്‍റെ പ്രകടനത്തെ പുകഴ്ത്തുകയാണ്. ഹി ഈ ബാക്ക് എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ വാളുകള്‍ കീഴടക്കുകയാണ് നിവിന്‍ പോളി.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യം ആണ്  വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മിച്ചിരിക്കുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഫഹദ് ഫാസിലിന്‍റെ ആവേശം, ഉണ്ണി മുകുന്ദന്‍റെ ജയ് ഗണേഷ്, പൃഥ്വിരാജ് ചിത്രം ആടുജീവിതം എന്നിവയോടാണ് വിനീതിന്‍റെ വര്‍ഷങ്ങള്‍ക്ക് ശേഷം മല്‍സരിക്കുന്നത്. 

Nivin Pauly Trending Over Social Media After Varshangalkku Shesham Release

MORE IN ENTERTAINMENT
SHOW MORE