ആറ് മിനിറ്റ് ദൈർഘ്യമുള്ള രംഗം; ചിലവ് 60 കോടി ; റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ പുഷ്പ 2

allu-arjun-pushpa
SHARE

അല്ലു അര്‍ജുന്‍ നായകനായെത്തുന്ന തെലുങ്ക് ചിത്രം പുഷ്പ ദി റൂളിന്‍റെ ചിത്രീകരണം അവസാനഘട്ടത്തില്‍. അല്ലുവിൻ്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട ടീസർ ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ധിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. പുഷ്പയുടെ രണ്ടാം ഭാഗമായാണ് പുഷ്പ ദ റൂള്‍ എത്തുന്നത്.  പുഷ്പ 2ലും രശ്മിക മന്ദാന തന്നെയാണ് നായികയായെത്തുന്നത്. കൂടാതെ ആദ്യ ഭാഗത്തില്‍ പ്രധാന വേഷത്തിലെത്തിയ ഫഹദ് ഫാസില്‍, ധനന്‍ജയ്, റാവു രമേഷ് എന്നിവരും പുഷ്പ 2ല്‍ അണിനിരക്കുന്നുണ്ട്. 500 കോടിയോളം മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ സിനിമയിലെ ആറ് മിനിറ്റ് ദൈർഘ്യമുള്ള ഒരു രംഗത്തിന് കോടികളാണ് ചിലവഴിച്ചതെന്ന വാര്‍ത്തയാണ് ചിത്രവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ടീസറില്‍ കാണിച്ചിരിക്കുന്ന സംഘട്ടന രംഗത്തിനാണ് 60 കോടി ചിലവായത്. അല്ലു അര്‍ജുന്‍റെ സ്ത്രീവേഷത്തിലുളള സംഘട്ടന രംഗമാണ് ഇപ്രകാരം ചിത്രീകരിച്ചത്. ടീസറില്‍ ഒരു മിനിറ്റില്‍ താഴെ മാത്രമേ ചെറിയ രീതില്‍ കാണിക്കുന്നുളളൂ. എന്നാല്‍ ആ രംഗങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചതും. 

അല്ലു അര്‍ജുന്‍ സാരിയും ആഭരണങ്ങളും ധരിച്ച് ഗുണ്ടകളുമായി സംഘട്ടനത്തിലേര്‍പ്പെടുന്നതാണ് ടീസറില്‍ കാണുന്നത്. തിരുപ്പതിയിലെ പ്രശസ്തമായ ഗംഗമ്മ തല്ലി ജാതര എന്ന ആഘോഷത്തിലെ മാതംഗി വേഷത്തിലാണ് ഈ രംഗത്തില്‍ അല്ലു പ്രത്യക്ഷപ്പെടുന്നത്.  30 ദിവസമെടുത്താണ് ചിത്രത്തിന്‍റെ സംവിധായകന്‍ സുകുമാര്‍ ഈ രംഗം പൂർത്തിയാക്കിയത് എന്നാണ് വിവരം. ഈ സംഘട്ടന രംഗം കഥയ്ക്ക് നിര്‍ണായകമായതിനാല്‍ സെറ്റ് സജ്ജമാക്കാന്‍ വലിയ തുക വേണ്ടി വരുമെന്നറിഞ്ഞപ്പോഴും, ചിത്രീകരിക്കാന്‍  നിര്‍ബന്ധിതരാകുകയായിരുന്നെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

ടീസര്‍ പുറത്തുവന്നതോടെ വലിയ ആകാംക്ഷയിലാണ് തെന്നിന്ത്യന്‍ സിനിമാലോകം. അല്ലു അര്‍ജുന്‍റെ മാതംഗി വേഷവും സൈബറിടത്ത് ചര്‍ച്ചയാകുകയാണ്. മൂന്നു വര്‍ഷത്തോളം ഇടവേളയ്ക്കു ശേഷമാണ് പുഷ്പ രണ്ടാംഭാഗം പുറത്തിറങ്ങുന്നത്. മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിര്‍മിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ ആഗസ്റ്റ് 15 ന് ചിത്രം റിലീസ് ചെയ്യും.

Allu Arjun Starrer Pushpa 2 Spends Rs 60 Cr on a 6-Minute Scene

MORE IN ENTERTAINMENT
SHOW MORE