'ഷമ്മിയൊക്കെ പഴയതായില്ലേ, എടാ, മോനേ'... ആവേശം കൊള്ളിച്ചോ ഫഹദ്?

aavesham
SHARE

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവ് സംവിധാനത്തില്‍ മലയാളികളുടെ സ്വന്തം ഫഹദ് ഫാസില്‍ നായകനായെത്തുന്ന ചിത്രമാണ് 'ആവേശം'. തിയറ്ററുകളില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയയിലും കത്തിക്കയറുകയാണ് 'ആവേശം'. ചിത്രം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കിപ്പുറം തന്നെ മികച്ച പ്രേക്ഷക പ്രതികരണം ചിത്രം സ്വന്തമാക്കി കഴിഞ്ഞു. സോഷ്യല്‍ മീഡിയ വാളുകളിലാകെ ഫഫയുടെ അഴിഞ്ഞാട്ടവും രങ്കണ്ണന്‍റെ 'എടാ, മോനേ'യും ആണ് കത്തിക്കയറുന്നത്. 

ഇതുമായി ബന്ധപ്പെട്ട് ട്രോളുമായി സംവിധായകന്‍ അന്‍വര്‍ റഷീദും എത്തിയിരുന്നു. സെറ്റില്‍ ഫഹദിനെ അന്വേഷിച്ചു ചെല്ലുന്നവര്‍ക്ക് ഫഹദിനെ കാണാന്‍ കഴിയാത്തതും താരത്തെ അന്വേഷിക്കുമ്പോള്‍ അഴിച്ചുവിട്ടിരിക്കുവാ എന്ന് സംവിധായകന്‍ പറയുന്നതുമാണ് ട്രോളിലെ രംഗം. 

കുറഞ്ഞ സമയം കൊണ്ടു തന്നെ 'എടാ മോനെ' പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. 2024 ലെ ഹിറ്റ് ഡയലോഗുകളില്‍ ആദ്യമേ ഫഹദ് സ്ഥാനമുറപ്പിച്ചെന്ന് ചുരുക്കം. കോളജ് വിദ്യാര്‍ഥികളെ കയ്യിലെടുക്കുന്ന ഫഹദിന്‍റെ വീഡിയോകളും ഹിറ്റാണ്. അണ്ണന്‍ അഴി‍ഞ്ഞാടി ഇനി സീന്‍ മാറും എന്നാണ് ട്രോളന്‍മാരും പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയില്‍ അഴിഞ്ഞാടാന്‍ പോയ നിവിനേയും ആവേശത്തിന്‍റെ സെറ്റില്‍ അഴിഞ്ഞാടാന്‍ പോയ ഫഹദിനെയും തിരഞ്ഞും ട്രോളന്‍മാര്‍ ടോര്‍ച്ചുമായി ഇറങ്ങിയിട്ടുണ്ട്.  

ബെംഗളൂരു സ്വദേശിയായ രങ്കണ്ണന്‍ എന്ന അധോലോക നായകനായാണ് ചിത്രത്തില്‍ താരമെത്തുന്നത്. ഷമ്മിയെ വെല്ലുന്ന സൈക്കോ കഥാപാത്രമായാണ് രങ്കണ്ണന്‍ എത്തുന്നത്. ആക്ഷന്‍ സീനുകളില്‍ പോലുമുള്ള താരത്തിന്‍റെ മെയ്യ്‍വഴക്കവും ആരാധകര്‍ ട്രോള്‍ രൂപത്തില്‍ പുറത്തിറക്കിയിട്ടുണ്ട്. 

അന്‍വര്‍ റഷീദ് എന്‍റര്‍ടൈന്‍മെന്‍റ്സിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ഫ്രണ്ട്സിന്‍റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ജിത്തു മാധവന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരും അഭിനയിക്കുന്നു. സമീർ താഹിറാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്‍റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 

MORE IN INDIA
SHOW MORE