ആടുജീവിതം ഞാന്‍ വിട്ടുകൊടുത്തതാണ്, ബെന്യാമിന് ഓര്‍മപ്പിശക്: ലാല്‍ജോസ്

Laljose_aadujeevitham
SHARE

ആടുജീവിതം താന്‍ ചെയ്യാനിരുന്ന സിനിമ ആയിരുന്നുവെന്നും ബ്ലെസിക്ക് ചിത്രം വിട്ടുകൊടുത്തതാണെന്നും സംവിധായകന്‍ ലാല്‍ജോസ്. എന്നാല്‍ അതേ സമയത്ത് തന്നെ ബ്ലെസിയുടെ കയ്യില്‍ ഒരു വര്‍ഷമെടുത്തെഴുതിയ സ്ക്രിപ്റ്റ് ഉണ്ടായിരുന്നുവെന്നും ആ കഥക്ക് ആടുജീവിതവുമായി സാമ്യമുണ്ടായിരുന്നുവെന്നും ലാല്‍ജോസ് പറഞ്ഞു. അറബിക്കഥ ചെയ്​തതുകൊണ്ടാണ് ആടുജീവിതം തരാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമ്മ പിശക് കൊണ്ടാണെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ജോസ് പറഞ്ഞു. 

'ആടുജീവിതം പുസ്തകം വായിച്ചതിനു ശേഷം ഞാൻ ബഹറിനിൽ പോയി ബെന്യാമിനെ കണ്ടു. ചിത്രം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. ബെന്യാമിന് സന്തോഷം ആയിരുന്നു. എൽജെ ഫിലിംസ് കമ്പനി ആദ്യം രജിസ്റ്റർ ചെയ്യുന്നത് ആ സിനിമ ചെയ്യാനാണ്. ഒറ്റയ്ക് ആ സിനിമ ചെയ്യാൻ കഴിയില്ല. ഞാൻ കാസ്റ്റ് ചെയ്യാൻ ഉദേശിച്ചത് പുതുമുഖ താരത്തെയാണ്. ഇത്രയും കാലം ഒരു വലിയ നടനെ സിനിമയ്ക്ക് വേണ്ടി പരിഗണിച്ചാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകും. ശരീരത്തിൽ വരുത്തേണ്ട മാറ്റങ്ങൾ എല്ലാം ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് വേറൊരു നടനെ കണ്ടത്. ഡ‍ല്‍ഹി സ്​കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഒരാളെ കണ്ടുവച്ചിരുന്നു. 

ബെന്യാമിൻ പറഞ്ഞ് അറിഞ്ഞതാണെന്നു തോന്നുന്നു, ഒരു മാഗസീനിൽ ഞാൻ ഈ നോവൽ സിനിമയാക്കുന്നു എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നു. അപ്പോഴാണ് ബ്ലെസി വിളിക്കുന്നത്. എന്തായി, ഒരുപാട് മുന്നോട്ട് പോയോ? ഇല്ലെങ്കില്‍ എനിക്ക് തരാമോ എന്ന് ചോദിച്ചു. അദ്ദേഹം ഒരു വർഷം എടുത്ത് അദ്ദേഹം എഴുതിയ സ്ക്രിപ്റ്റിന് ആടുജീവിതമായി സാമ്യം ഉണ്ടെന്നു പറഞ്ഞു. ബെന്യാമിനോടുകൂടി ഒന്നു സംസാരിക്കാൻ ഞാൻ ബ്ലെസിയോട് പറഞ്ഞു. പിന്നീട് എനിക്ക് തോന്നി ബെന്യാമിന് ബ്ലെസി സിനിമ ചെയ്യുന്നതാണ് ഇഷ്ടം എന്ന്. അതുകൊണ്ട് തന്നെയാണ് ഞാൻ അത് വിട്ടു കൊടുത്തത്. 14 വർഷം മുന്നേ നടന്ന കാര്യങ്ങളാണിത്. ഇപ്പോൾ റിലീസ് ചെയ്ത ചിത്രം പോലെയല്ല ഞാൻ പ്ലാൻ ചെയ്തിരുന്നത്. ബ്ലെസിക്ക് ഇത് നന്നായി ചെയ്യാൻ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ചിത്രം ചെയ്യുകയാണെങ്കിൽ സ്ക്രിപ്റ്റ് ചെയ്യാൻ ബെന്യാമിന്റെ സഹായം തേടേണ്ടിവനെന്നേ. ബ്ലെസിക്ക് എഴുതാനും അറിയാം. ബ്ലെസിയെ പോലെ 14 വർഷം ഒന്നും ഒരു ചിത്രത്തിന് വേണ്ടി ചെലവഴിക്കാൻ എന്നെക്കൊണ്ട് പറ്റില്ല. ഞാൻ കുറച്ചു പ്രാരാബ്‌ധം ഉള്ള മനുഷ്യനാണ്. ബ്ലെസി എത്രയോ കഷ്​ടതകളിലൂടെ കടന്നുപോയതാണെന്ന് ഞാന്‍ കണ്ടതാണ്. ഇത്രയും ക്ഷമയോടെ ആ ചിത്രം പൂർത്തിയാകാൻ അദ്ദേഹത്തിനേ സാധിക്കുകയുള്ളൂ. അറബിക്കഥ ചെയ്​തതുകൊണ്ടാണ് ആടുജീവിതം തരാതിരുന്നത് എന്ന് ബെന്യാമിൻ പറയുന്നത് അദ്ദേഹത്തിന്റെ ഓർമപ്പിശക് കൊണ്ടാണ്. 2008ലാണ് ആടുജീവിതം നോവൽ പോലും ഇറങ്ങുന്നത്. അറബിക്കഥ 2006 ൽ പൂർത്തിയായ ചിത്രമാണ്,' ലാൽ ജോസ് പറഞ്ഞു. 

Laljose talks about Aadujeevitham Movie

MORE IN ENTERTAINMENT
SHOW MORE