‘അവിശ്വസനീയം; എങ്ങനെ സാധിച്ചു ഇത്’; വാഴ്ത്തി മണിരത്നവും മാധവനും

aadujeevitham-post
SHARE

ബ്ലെസിയുടെ സംവിധാനമികവില്‍ പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതം ആദ്യദിനം തന്നെ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് കേരളത്തിനകത്തും പുറത്തും നിന്നും അഭിനന്ദപ്രവാഹമാണ്. ഇപ്പോഴിതാ സംവിധായകന്‍ മണിരത്നവും നടൻ മാധവനും ആടുജീവിതത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. 

മണിരത്നം ആടുജീവിതം സിനിമയെ കുറിച്ച് വാട്‍സ് ആപ്പില്‍ അയച്ച സന്ദേശം ബ്ലെസി തന്നെ പുറത്തുവിട്ടു. അഭിനന്ദനങ്ങൾ സർ എന്ന് പ്രശംസിച്ചുകൊണ്ടാണ് മണിരത്നത്തിന്‍റെ സന്ദേശം തുടങ്ങുന്നത്. നിങ്ങള്‍ക്കിത് എങ്ങനെ അവതരിപ്പിക്കാനായി എന്നെനിക്ക് അറിയില്ല. ഒരുപാട് പരിശ്രമം ഇതിനായി വേണ്ടിവന്നിരിക്കുന്നു. അതെല്ലാം സ്ക്രീനില്‍ കാണാന്‍ സാധിക്കുന്നുമുണ്ട്. വളരെയധികം നന്നായി തന്നെ നിങ്ങളിത് ചിത്രീകരിച്ചിരിക്കുന്നു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍, അതിന്റെ ക്രൂരവും ആക്രമണോല്‍സുകവും ശാന്തവുമായ ഭാവങ്ങള്‍. മനോഹാരിതയും വിശാലതയും അനന്തതയുമെല്ലാം മനോഹരമായി ചിത്രീകരിച്ചു. വലിയ കാര്യമാണ് താങ്കളും സുനിലും ചെയ്തിരിക്കുന്നത്. ഒരുപാട് പരിശ്രമം പൃഥ്വിയുടെ ഭാഗത്ത് നിന്നും കാണാനാകുന്നു. ഇത് ശരിക്കും നടന്നതാണെന്നത് ഭയപ്പെടുത്തുന്ന ഒന്നുകൂടിയാണ്. ഒരുപാട് വികാരഭരിതമായി ചിത്രം അവസാനിപ്പിക്കാതിരുന്നത് എനിക്ക് ഇഷ്ടമായി. നിങ്ങള്‍ക്ക് എല്ലാവിധ ആശംസകളും സര്‍...’ മണിരത്നത്തിന്റെ വാക്കുകള്‍ ഇങ്ങനെ. 

ആടുജീവിതം ശരിക്കും അവിശ്വസനീയമായ ഒരു സിനിമണെന്നാണ് നടൻ മാധവന്‍റെ പ്രതികരണം. 'എൻ്റെ പ്രിയ സഹോദരാ, എന്തൊരു അവിശ്വസനീയമായ സിനിമയാണ് ആടുജീവിതം. നിങ്ങളെയോർത്ത് അഭിമാനവും വലിയ ബഹുമാനവും തോന്നുന്നു. ഇന്ത്യന്‍ സിനിമയുടെ പുതിയ തലം കാണിച്ചു തന്നതിന് നന്ദി' എന്നാണ് മാധവന്‍ എക്സില്‍ കുറിച്ചത്. മാധവന്‍റെ ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. 

2018ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ കോവിഡ് അടക്കം പല കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു. വായനക്കാര്‍ നെഞ്ചേറ്റിയ ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരമാണ് ചിത്രം. കുടുംബത്തെ സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറ്റാന്‍ സൗദിയിലെത്തിയ നജീബ് എന്ന സാധാരണക്കാരന്‍റെ ദുരിത ജീവിതത്തിന്‍റെയും അതിജീവനത്തിന്‍റെയും കഥയാണ് ആടുജീവിതം പറയുന്നത്. 

എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ആടുജീവിതത്തില്‍ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. മണിരത്നം, കമൽഹാസൻ, രാജീവ് മേനോൻ, തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാ​ഗ്രാഹകൻ രവി കെ. ചന്ദ്രൻ തുടങ്ങി നിരവധി പേരാണ് 'ആടുജീവിത'ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച് രംഗത്തെത്തിയത്. മലയാളം, തമിഴ്, തെലുങ്ക് , കന്നട, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Mani Ratnam's and R. Madhavan's post about Aadujeevitham Movie

MORE IN ENTERTAINMENT
SHOW MORE